ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ ആരംഭിക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വരുന്ന 90 ദിവസങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വളരെ നിർണായകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറുമായി ബന്ധപ്പെട്ട നാലാം ഘട്ട ചർച്ചകൾ സെപ്റ്റംബർ 18-ന് ന്യൂഡൽഹിയിൽ പൂർത്തിയായിരുന്നു. ഈ വർഷം അവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കി കരാറിലെത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ധു കഴിഞ്ഞ ആഴ്ച മുംബൈയിലെത്തി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2025-ൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 30.4 ബില്യൺ ഡോളറിലെത്തിയിരുന്നു. 2030-ഓടെ ഇത് 70 ബില്യൺ ഡോളറായി ഇരട്ടിപ്പിക്കുകയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. മരുന്നുകൾ, ഇരുമ്പ്, ഉരുക്ക്, കടൽവിഭവങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി സേവനങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നത്. പരിപ്പ് വർഗ്ഗങ്ങൾ, രത്നങ്ങൾ, കൽക്കരി, രാസവളങ്ങൾ, ക്രൂഡ് പെട്രോളിയം എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
ഇതോടൊപ്പം ഇന്ത്യ-യൂറോപ്യൻ യൂണിയൻ (EU) വ്യാപാര കരാർ അടുത്ത മൂന്ന് മാസത്തിനകം ഇ.യു പാർലമെന്റ് അംഗീകരിക്കുമെന്നും വരുന്ന 6-7 മാസങ്ങൾക്കുള്ളിൽ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഇന്ത്യ-ചിലി വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ ശുഭവാർത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








