വിന്നിപെഗ്: ഒന്റാരിയോയിലുള്ള സിനഗോഗിന് പുറത്തുണ്ടായ വെടിവെയ്പ്പിനെത്തുടർന്ന് വിന്നിപെഗ്ഗിൽ ജാഗ്രത നിർദ്ദേശം നൽകുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തു. നഗരത്തിലെ ആരാധനാലയങ്ങളിലും ആൾക്കൂട്ടം എത്തുന്ന പൊതുസ്ഥലങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കുമെന്ന് വിന്നിപെഗ് പൊലീസ് സർവീസ് (WPS) അറിയിച്ചു.
ബെല്ലെവില്ലെയിലെ ‘സൺസ് ഓഫ് ജേക്കബ്’ സിനഗോഗിന് പുറത്തുണ്ടായ വെടിവെയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ രാജ്യത്തുടനീളമുള്ള ജൂത സമൂഹത്തിനോടും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനോടും ഒപ്പം നിൽക്കുന്നുവെന്ന് വിന്നിപെഗ് പൊലീസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നഗരത്തിൽ സുരക്ഷ കൂട്ടാൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു.









