ടൊറന്റോ: സോഷ്യൽ മീഡിയയിലെ ‘ഡൂംസ്ക്രോളിംഗ്’ പോലെ ഇപ്പോൾ തൊഴിൽ വിപണിയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന പുതിയൊരു പ്രവണതയാണ് ‘ഡൂംജോബിംഗ്’. കടുത്ത മത്സരവും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന ആശങ്ക കാരണം, യാതൊരു ലക്ഷ്യവുമില്ലാതെ നൂറുകണക്കിന് ജോലികൾക്ക് കൂട്ടത്തോടെ അപേക്ഷിക്കുന്ന രീതിയാണിത്. നിർമ്മിത ബുദ്ധി (AI) വ്യാപകമായതോടെ ഈ ട്രെൻഡ് വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് ആഗോള തൊഴിൽ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
തങ്ങൾക്ക് അനുയോജ്യമാണോ എന്ന് പോലും ചിന്തിക്കാതെ, കുറഞ്ഞ ശ്രദ്ധയോടും താല്പര്യത്തോടും കൂടി ഒരേസമയം നിരവധി കമ്പനികളിലേക്ക് കൂട്ടത്തോടെ ബയോഡാറ്റകൾ അയക്കുന്നതിനെയാണ് ഡൂംജോബിംഗ് എന്ന് വിളിക്കുന്നത്. ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയും AI ടൂളുകളിലൂടെയും വളരെ എളുപ്പത്തിൽ അപേക്ഷിക്കാൻ സാധിക്കുന്നത് കൊണ്ടാണ് ഉദ്യോഗാർത്ഥികൾ ഈ വഴി തിരഞ്ഞെടുക്കുന്നത്. തൊഴിൽ വിപണിയിലെ ആശങ്കയും ഭാവിയെക്കുറിച്ചുള്ള ഭയവുമാണ് ഇതിന് പിന്നിലെന്ന് പ്രമുഖ റിക്രൂട്ട്‌മെന്റ് ഏജൻസിയായ റാൻഡ്സ്റ്റാഡ് കാനഡ വ്യക്തമാക്കുന്നു.
കുറേ അധികം ജോലികൾക്ക് അപേക്ഷിക്കുന്നത് വഴി ജോലി കിട്ടാനുള്ള സാധ്യത കൂടുമെന്ന് ഉദ്യോഗാർത്ഥികൾ കരുതുന്നുണ്ടെങ്കിലും ഫലം മറിച്ചാണെന്ന് പ്രമുഖ ജോബ് സൈറ്റായ ഇൻഡീഡ് വ്യക്തമാക്കുന്നു. വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ മാസ്സ് ആയി അപേക്ഷിക്കുന്നത് പെട്ടെന്ന് തന്നെ ഉദ്യോഗാർത്ഥികളിൽ മടുപ്പും നിരാശയും ഉണ്ടാക്കും. അതുപോലെ തന്നെ, എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന ബയോഡാറ്റകൾ എല്ലാം ഒരേപോലെ ഇരിക്കുന്നതിനാൽ യഥാർത്ഥ പ്രതിഭകളെ കണ്ടെത്താൻ എച്ച്.ആർ ടീമുകൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോബർട്ട് ഹാഫ് നടത്തിയ സർവേ പ്രകാരം അറുപത്തിനാല് ശതമാനത്തോളം കമ്പനികളും വ്യാജവും കൃത്രിമവുമായ ഇത്തരം അപേക്ഷകൾ കാരണം വലിയ പ്രതിസന്ധിയിലാണ്.
അപേക്ഷകളുടെ എണ്ണത്തിലല്ല, മറിച്ച് അതിന്റെ ഗുണനിലവാരത്തിലാണ് കാര്യമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. അപേക്ഷിക്കുന്നതിന് മുൻപ് ആ ജോലി നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കമ്പനിയുടെ പശ്ചാത്തലം മനസ്സിലാക്കാൻ എഐ ഒരു സഹായിയായി മാത്രം ഉപയോഗിക്കുകയാണ് വേണ്ടത്. എല്ലാവരും ഉപയോഗിക്കുന്ന ഒരേ തരം എഐ ഫോർമാറ്റുകൾക്ക് പകരം നിങ്ങളുടെ യഥാർത്ഥ കഴിവും വ്യക്തിത്വവും ബയോഡാറ്റയിൽ പ്രതിഫലിക്കണം. കേവലം ഓൺലൈൻ അപേക്ഷകളിൽ മാത്രം ഒതുങ്ങാതെ ലിങ്ക്ഡ്ഇൻ വഴി കമ്പനികളിലെ ഹയറിംഗ് മാനേജർമാരുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുന്നതും മികച്ച ഫലം നൽകും. മാസ്സ് അപ്ലിക്കേഷനുകൾ വഴി സമയം കളയുന്നതിനേക്കാൾ, തങ്ങൾക്ക് ചേർന്ന ജോലികൾ കണ്ടെത്തി കൃത്യമായി അപേക്ഷിക്കുന്നതാണ് ജോലി ലഭിക്കാൻ ഏറ്റവും നല്ല മാർഗ്ഗമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
What is ‘doomjobbing’? Here’s why experts are concerned about this trend
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










