ദില്ലി: പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ, ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പൂർണ മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഈ സുപ്രധാന നിർദേശം മുന്നോട്ടുവെച്ചത്. എൽപിജിക്ക് (LPG) പകരമായി ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസന പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നും യോഗത്തിൽ വ്യക്തമാക്കി. യുഎഇ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലെ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ഉടനെയായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മാരത്തോൺ യോഗം ചേർന്നത്.
‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി മന്ത്രിമാരെ ഓർമ്മിപ്പിച്ചു. മുൻകാലങ്ങളിലെ നേട്ടങ്ങളിൽ തൃപ്തിപ്പെട്ടിരിക്കുകയോ വീഴ്ചകളിൽ ഖേദിക്കുകയോ ചെയ്യാതെ, പൂർണ്ണമായും ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒപ്പം, സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതികളും പരിഷ്കാരങ്ങളും ഒരു തരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുത് എന്നും, ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരിക്കണം എല്ലാ നടപടികളുടെയും പരമമായ ലക്ഷ്യമെന്നും പ്രധാനമന്ത്രി കർശന നിർദേശം നൽകി.
എൻഡിഎ (NDA) സർക്കാർ മൂന്നാം തവണയും അധികാരത്തിലേറി രണ്ട് വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിപുലമായ അവലോകന യോഗം നടന്നത്. വിവിധ വകുപ്പുകളുടെ ഫയൽ തീർപ്പാക്കൽ, ജനങ്ങളുടെ പരാതി പരിഹരിക്കൽ തുടങ്ങിയവയിലെ പ്രകടനം വിലയിരുത്തിയ യോഗത്തിൽ മന്ത്രാലയങ്ങളുടെ റാങ്ക് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ‘റിഫോം, പെർഫോം, ട്രാൻസ്ഫോം, ഇൻഫോം’ എന്ന ഭരണമന്ത്രം ആവർത്തിച്ച പ്രധാനമന്ത്രി, ലക്ഷ്യ പൂർത്തീകരണത്തിനായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. അതേസമയം, രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് യോഗത്തിൽ സൂചനകളൊന്നും ഉണ്ടായില്ല.
West Asia crisis: PM calls for alternative fuel sources in cabinet meeting
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




