വാൻകൂവർ: അമേരിക്കൻ വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് 2026 ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായ സോമാലിയൻ റഫറി ഒമർ അബ്ദുൽകാദിർ അർത്താന് പിന്തുണയുമായി കാനഡ. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ പ്രീമിയർ ഡേവിഡ് എബി ആണ് അർത്താന് തന്റെ പ്രവിശ്യയിലേക്ക് സ്വാഗതം ചെയ്തത്.
അമേരിക്കൻ അധികൃതരുടെ നടപടിയിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് കനേഡിയൻ നേതാക്കൾ അർത്താന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്. വാൻകൂവറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ അർത്താന് റഫറിയായി പ്രവർത്തിക്കാൻ അവസരം നൽകണമെന്നാണ് ഡേവിഡ് എബി ആവശ്യപ്പെട്ടത്.
“അദ്ദേഹം ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും ഇന്ന് എത്തിനിൽക്കുന്ന ഉയരങ്ങളും കണക്കിലെടുക്കുമ്പോൾ, ബ്രിട്ടീഷ് കൊളംബിയയിൽ അദ്ദേഹത്തെ ഞങ്ങൾ ആദരവോടെ സ്വീകരിക്കും. അദ്ദേഹത്തെ വാൻകൂവറിലെ മത്സരങ്ങളിൽ റഫറിയായി നിയമിക്കണം,” ഡേവിഡ് എബി എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ടൊറന്റോ മേയർ ഒലിവിയ ചൗവും അർത്താന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെ ലോകവേദിയിൽ ഇടംപിടിച്ച അർത്താന് നിഷേധിക്കപ്പെട്ട അവസരം നീതിയുക്തമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ഫിഫ ലോകകപ്പ് റഫറിമാരുടെ പരിശീലന ക്യാമ്പിനായി മയാമിയിലെത്തിയതായിരുന്നു അർത്താൻ. എന്നാൽ, ഔദ്യോഗിക രേഖകളും വിസയും കൈവശമുണ്ടായിരുന്നിട്ടും ‘വെറ്റിംഗ് കൺസേൺസ്’ ചൂണ്ടിക്കാട്ടി അമേരിക്കൻ അധികൃതർ അദ്ദേഹത്തെ പ്രവേശന കവാടത്തിൽ തടയുകയും തിരിച്ചയക്കുകയുമായിരുന്നു. ഇതോടെ ലോകകപ്പിൽ റഫറിയായി പ്രവർത്തിക്കാനുള്ള അർത്താന്റെ ചരിത്രപരമായ അവസരം നഷ്ടമായി.
അതിർത്തികളിലെ ഇമിഗ്രേഷൻ തീരുമാനങ്ങളിൽ ഫിഫയ്ക്ക് ഇടപെടാൻ സാധിക്കില്ലെന്നാണ് ഫിഫയുടെ ഔദ്യോഗിക വിശദീകരണം. ലോകകപ്പ് റഫറിമാർക്ക് ടൂർണമെന്റിന് മുൻപായി അമേരിക്കയിൽ നടക്കുന്ന നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ, അമേരിക്കൻ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് മത്സരങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, കാനഡയിൽ നിന്നുള്ള ഈ പിന്തുണ സോമാലിയൻ ജനതയ്ക്കും കായിക ലോകത്തിനും വലിയ ആശ്വാസമാണ് നൽകുന്നത്. നിരാശയ്ക്കിടയിലും, അടുത്ത ലോകകപ്പിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് അർത്താൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Welcome to Canada; Leaders support Omar Artan
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










