ഒട്ടാവ: സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി, പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനവുമായി കാനഡയിലെ തൊഴിൽ വിപണി. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞ്, രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെള്ളിയാഴ്ച പുറത്തുവിട്ട ലേബർ ഫോഴ്‌സ് സർവേയിലാണ് ഈ കണക്കുകൾ ഉള്ളത്. സാമ്പത്തിക വിദഗ്ധർ 15,000 തൊഴിലവസരങ്ങളുടെ വർധന മാത്രം പ്രവചിച്ചിരുന്ന സ്ഥാനത്താണ് സാമ്പത്തിക രംഗത്തിന് ആശ്വാസമേകി പുതിയ മുന്നേറ്റമുണ്ടായിരിക്കുന്നത്.
ജൂലൈയിൽ വർധിച്ച തൊഴിലുകളിൽ ഫുൾ ടൈം, പാർട്ട് ടൈം ജോലികൾ ഒരുപോലെ ഉൾപ്പെടുന്നുണ്ട്. ഇതോടെ ഏപ്രിൽ മാസം മുതൽ രാജ്യത്ത് ആകെ സൃഷ്ടിക്കപ്പെട്ട തൊഴിലുകളുടെ എണ്ണം 181,000 ആയി ഉയർന്നു. റീട്ടെയിൽ, മൊത്തവ്യാപാര മേഖലകളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ (21,000) ഉണ്ടായിട്ടുള്ളത്. ഇതിനുപുറമെ ധനകാര്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് (18,000), പ്രൊഫഷണൽ സാങ്കേതിക സേവനങ്ങൾ (17,000) എന്നീ മേഖലകളിലും വളർച്ച രേഖപ്പെടുത്തി. എന്നാൽ പൊതു ഭരണ രംഗത്ത് 15,000 ജോലികളും കാർഷിക മേഖലയിൽ 9,600 ജോലികളും കുറഞ്ഞിട്ടുണ്ട്.
കാനഡയുടെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും സാമ്പത്തിക രംഗം പൂർണ സ്ഥിരത കൈവരിക്കാൻ സമയമെടുക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജൂലൈയിലെ ശരാശരി മണിക്കൂർ വേതന വളർച്ച 2.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആഗോള വ്യാപാര അനിശ്ചിതത്വങ്ങളും ഊർജ വിലക്കയറ്റവും നിലനിൽക്കുമ്പോഴും തൊഴിൽ വിപണിയിലുണ്ടാകുന്ന ഈ മുന്നേറ്റം രാജ്യത്തിന് അനുകൂല സൂചനയാണ് നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canada defies forecasts: New report reveals 75,000 new jobs added in July.





