ബി.സി.; വാഷിംഗ്ടൺ സ്റ്റേറ്റും, ബ്രിട്ടീഷ് കൊളംബിയയും നവംബർ 1 ഞായറാഴ്ച മുതൽ രണ്ട് സമയമേഖലകളിലാകുന്നു. ഫോൾ സീസണിൽ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിന്നോട്ട് മാറ്റുന്ന രീതി (Standard Time) അമേരിക്ക തുടരുമ്പോൾ, ബ്രിട്ടീഷ് കൊളംബിയ സമയം മാറ്റാതെ പഴയപടി നിലനിർത്താൻ തീരുമാനിച്ചതാണ് ഈ മാറ്റത്തിന് കാരണം. ചരിത്രത്തിലാദ്യമായാണ് തൊട്ടടുത്ത് കിടക്കുന്ന ഈ രണ്ട് പ്രദേശങ്ങൾ വ്യത്യസ്ത സമയങ്ങളിലേക്ക് മാറുന്നത്.
സമയമാറ്റം സ്ഥിരമായി അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടീഷ് കൊളംബിയ മുൻ പ്രീമിയർ ഡേവിഡ് ഈബി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ തീരുമാനം അതിർത്തി കടന്നുപോകുന്ന പതിനായിരക്കണക്കിന് ആളുകളെ ബാധിക്കും. പ്രതിദിനം 32,000-ത്തിലധികം വാഹനങ്ങളാണ് ഈ അതിർത്തി വഴി കടന്നുപോകുന്നത്. വാഷിംഗ്ടണിൽ നിന്ന് ട്രെയിൻ വഴിയും റോഡ് വഴിയും കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരെയാകും ഇത് കൂടുതൽ ബുദ്ധിമുട്ടിക്കുക.
ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമിഗ്രേഷൻ വിദഗ്ധർ
കൃത്യമായ വിവരമില്ലാതെ ഇറങ്ങിത്തിരിക്കുന്നവർക്ക് വിമാനം നഷ്ടപ്പെടാനും സാധ്യതയേറെയാണ്. തീരുമാനം അതിർത്തിയിലെ യാത്രാസമയത്തെയും പരിശോധനകളെയും സാരമായി ബാധിക്കുമെന്ന് വെസ്റ്റേൺ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ബോർഡർ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലോറി ട്രൗട്ട്മാൻ മുന്നറിയിപ്പ് നൽകുന്നു. വാഹനങ്ങളുടെ കാത്തിരിപ്പ് സമയവും വിവരശേഖരണവും കൃത്യമായി ഏകോപിപ്പിക്കാൻ ഇനി പ്രയാസമായിരിക്കും.
1800-കളിൽ റെയിൽവേ സർവീസുകൾ കൃത്യമാക്കാൻ കനേഡിയൻ എഞ്ചിനീയർ സാൻഫോർഡ് ഫ്ലെമിംഗ് രൂപം നൽകിയതാണ് ഈ സമയമേഖലകൾ. നിലവിൽ അമേരിക്കയിലുടനീളം സമയം മാറ്റമില്ലാതെ തുടരാൻ ‘സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട്’ വഴി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ ഇതിന് പൂർണ്ണ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതിർത്തി മേഖലയിലെ ജനങ്ങൾ ഇനി പുതിയ സമയക്രമവുമായി പൊരുത്തപ്പെടേണ്ടിവരും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





