ഒട്ടാവ: കാനഡയിൽ വർക്ക് പെർമിറ്റിനായി അപേക്ഷിക്കുന്നവർക്കും നിലവിലുള്ള പെർമിറ്റ് നീട്ടാൻ കാത്തിരിക്കുന്നവർക്കും വലിയ ആശ്വാസമായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. കാനഡയിലെ ഇൻ-കാനഡ വർക്ക് പെർമിറ്റ് അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം ഒരു മാസത്തോളം കുറഞ്ഞതായാണ് ഇമിഗ്രേഷൻ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
2026 ജൂൺ 10-ലെ കണക്കുകൾ പ്രകാരം, ഒരു വർക്ക് പെർമിറ്റ് അപേക്ഷയോ അതിന്റെ എക്സ്റ്റൻഷനോ ലഭിക്കാൻ നിലവിൽ 186 ദിവസമാണ് ശരാശരി വേണ്ടിവരുന്നത്. മെയ് 6-ന് ഇത് 212 ദിവസമായിരുന്നു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയമാണിത്. എന്നിരുന്നാലും, നാല് മാസത്തിനുള്ളിൽ അപേക്ഷകൾ തീർപ്പാക്കണമെന്ന ഇമിഗ്രേഷൻ വകുപ്പിന്റെ ലക്ഷ്യത്തേക്കാൾ കൂടുതൽ സമയമാണ് ഇപ്പോഴും ഇതിനായി ചെലവഴിക്കേണ്ടി വരുന്നത്.
നിലവിലുള്ള വർക്ക് പെർമിറ്റ് കാലാവധി തീരുന്നതിന് മുൻപ് അപേക്ഷ സമർപ്പിക്കുന്നവർക്ക് മെയിന്റെയ്ൻഡ് സ്റ്റാറ്റസ് ലഭിക്കും. അപേക്ഷ തീർപ്പാക്കുന്നത് വരെ പഴയ പെർമിറ്റിന്റെ നിബന്ധനകൾ പ്രകാരം ജോലി തുടരാൻ ഇത് അപേക്ഷകർക്ക് അവസരം നൽകുന്നു. വർക്ക് പെർമിറ്റ് അപേക്ഷകർക്ക് നൽകുന്ന സപ്പോർട്ട് ലെറ്ററുകളുടെ കാലാവധി ഈ വർഷം ഏപ്രിലിൽ കാനഡ ആറ് മാസത്തിൽ നിന്ന് ഒരു വർഷമാക്കി ഉയർത്തിയിരുന്നു. വർക്ക് പെർമിറ്റ് അപേക്ഷകർക്ക് അവരുടെ സ്റ്റാറ്റസ് തൊഴിലുടമകൾക്കും മറ്റ് ഏജൻസികൾക്കും തെളിയിക്കാൻ ഈ മാറ്റം ഏറെ സഹായകരമാണ്. കാത്തിരിപ്പ് സമയം കുറയുന്നത് കാനഡയിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നത്.
Wait time drops for in-Canada work permit applications and extensions
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










