ചെന്നൈ : തമിഴ്‌നാടിന് പിന്നാലെ കർണാടക രാഷ്ട്രീയത്തിലും സാന്നിധ്യമറിയിക്കാൻ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) ഒരുങ്ങുന്നു. വരാനിരിക്കുന്ന ഗ്രേറ്റർ ബംഗളൂരു അസോസിയേഷൻ (GBA) തെരഞ്ഞെടുപ്പിൽ മത്സരിച്ച് തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് പാർട്ടിയുടെ നീക്കം. ആകെയുള്ള 369 വാർഡുകളിൽ തമിഴ് വംശജർക്ക് നിർണായക സ്വാധീനമുള്ള 50 വാർഡുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. നടൻ എന്ന നിലയിൽ വിജയ്‌ക്ക് കർണാടകയിലുള്ള വലിയ ഫാൻ ബേസ് രാഷ്ട്രീയ നേട്ടമാക്കി മാറ്റാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ഒരു പ്രാദേശിക പാർട്ടി കർണാടകത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നീങ്ങുന്നത് ഇതാദ്യമായാണ്.
ബംഗളൂരുവിലെ തമിഴ് ജനസംഖ്യ കൂടുതലുള്ള ശ്രീറാംപുര, ഹലസൂരു, ശിവാജി നഗർ, ശാന്തിനഗർ തുടങ്ങിയ വാർഡുകളിലാണ് ടിവികെ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. ഇവിടെ മത്സരിപ്പിക്കാൻ ജനപിന്തുണയുള്ളതും യോഗ്യരുമായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ വിജയ്‌യുടെ ആരാധക കൂട്ടായ്മകൾക്ക് പാർട്ടി നേതൃത്വം ഇതിനകം തന്നെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിലാണ് നിർണായകമായ ഗ്രേറ്റർ ബംഗളൂരു അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അയൽസംസ്ഥാനങ്ങളിലും സ്വാധീനമുറപ്പിക്കാനുള്ള വിജയ്‌യുടെ ഈ നീക്കം ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.
Vijay’s TVK to establish roots in Karnataka; will contest in GBA elections
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




