നോവ സ്കോഷ്യ ; കാനഡയിൽ നിർമ്മിക്കുന്ന ഒറിജിനൽ കലാസൃഷ്ടികൾക്ക് അമേരിക്ക 50 ശതമാനം ഇറക്കുമതി താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ, യുഎസിലേക്കുള്ള വിൽപ്പനയും കയറ്റുമതിയും പൂർണ്ണമായി നിർത്തിവെച്ച് കാനഡയിലെ കലാകാരന്മാർ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളുടെ ഭാഗമായി ഏകദേശം 2800 കോടി ഡോളറിലധികം വരുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്കാണ് താരിഫ് ബാധകമാക്കിയിരിക്കുന്നത്. ഇതിൽ ഒറിജിനൽ കലാസൃഷ്ടികളും ഉൾപ്പെട്ടത് കനേഡിയൻ കലാകാരന്മാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തന്റെ പകുതിയോളം ഉപഭോക്താക്കൾ അമേരിക്കയിലാണെങ്കിലും ഇനി അവിടേക്ക് കഷണങ്ങളൊന്നും അയക്കില്ലെന്നും കലാസൃഷ്ടികൾ കാനഡയിൽ തന്നെ നിലനിർത്തുമെന്നും നോവ സ്കോഷ്യയിലെ മിക്സഡ് മീഡിയ ആർട്ടിസ്റ്റായ ക്രിസ് വാർബർട്ടൺ ഹുൽമെ വ്യക്തമാക്കി.
ഒറിജിനൽ കലാസൃഷ്ടികൾ എന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിന്മേൽ താരിഫ് ചുമത്തുന്നത് ഒരു കലാകാരന് ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നതിന് തുല്യമാണെന്ന് അവർ പ്രതികരിച്ചു. പെയിന്റിംഗുകൾ, ഡ്രോയിംഗുകൾ, കൊളാഷുകൾ, കൊത്തുപണികൾ, പ്രിന്റുകൾ, ശില്പങ്ങൾ തുടങ്ങിയ നിരവധി കനേഡിയൻ കലാസൃഷ്ടികളെ പുതിയ താരിഫ് ബാധിക്കുന്നുണ്ട്. സെപ്റ്റംബർ എട്ട് മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മറുപടി താരിഫ് പ്രഖ്യാപിച്ചെങ്കിലും ഫെഡറൽ സർക്കാരിന്റെ പ്രതികാര നടപടികളിൽ ഒറിജിനൽ കലാസൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടില്ല.
മാറിമറിയുന്ന ഷിപ്പിംഗ് നിയന്ത്രണങ്ങളും നിയമങ്ങളും കാരണം അമേരിക്കയിലേക്കുള്ള വിൽപ്പന ദുഷ്കരമാണെന്ന് കോൾ ഹാർബർ ആർട്ടിസ്റ്റായ മിറാൻഡ ജോർഡനും വ്യക്തമാക്കി. താൻ യു.എസ് സർക്കാരിന് വേണ്ടി ജോലി ചെയ്യുന്നില്ലെന്നും അവർക്കായി ശമ്പളമില്ലാത്ത കസ്റ്റംസ് ക്ലർക്കാകാൻ താൽപ്പര്യമില്ലെന്നും അവർ പറഞ്ഞു. കനേഡിയൻ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ട് ഡിസൈനുകൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വലിയ വ്യവസായങ്ങൾക്ക് ഫെഡറൽ സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും ചെറുകിട സംരംഭകരും ഹോബി ബിസിനസ്സുകാരും അവഗണിക്കപ്പെടരുതെന്ന് മാധ്യമപ്രവർത്തകനും മുൻ സി.ബി.സി റേഡിയോ അവതാരകനുമായ ടോഡ് മാഫിൻ അഭിപ്രായപ്പെട്ടു. ബാധിതരായ ചെറുകിട വ്യവസായങ്ങളെ പിന്തുണയ്ക്കാനായി അദ്ദേഹവും ഭാര്യയും ചേർന്ന് ഓൺലൈൻ ഡയറക്ടറിക്ക് രൂപം നൽകിയിട്ടുണ്ട്.
കനേഡിയൻ കലാകാരന്മാർക്കായി പ്രവർത്തിക്കുന്ന കാർഫാക് നാഷണൽ എന്ന സംഘടനയും സർക്കാരിന്റെ നയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വൻകിട കോർപ്പറേഷനുകളെ പോലെ ഈ താരിഫിന്റെ സാമ്പത്തിക ഭാരം താങ്ങാൻ സ്വതന്ത്രരായ കലാകാരന്മാർക്ക് കഴിയില്ലെന്ന് ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ ജെന ഫയ വ്യക്തമാക്കി. അതേസമയം, പ്രാദേശിക വിപണിയെ ലക്ഷ്യമിട്ട് പുതിയ വഴികൾ തേടുകയാണ് കലാകാരന്മാർ. കൂടുതൽ ക്രാഫ്റ്റ് ഷോകളിൽ പങ്കെടുക്കാനും കനേഡിയൻ വനിതാ വക്താക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ പെയിന്റിംഗ് പരമ്പരകൾ ആരംഭിക്കാനും തീരുമാനിച്ചതായി ക്രിസ് വാർബർട്ടൺ ഹുൽമെ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








