ടെഹ്റാൻ: മേഖലയിൽ നയതന്ത്ര സംഘർഷങ്ങൾ നിലനിൽക്കെ, ഇറാനെതിരെ കൂടുതൽ കർശനമായ രണ്ട് പ്രധാന നടപടികളുമായി അമേരിക്കൻ ഭരണകൂടം രംഗത്തെത്തി. ഇറാന്റെ ആയുധ നിർമാണവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ ‘അയേൺ ഗേറ്റ്’ എന്ന പേരിൽ ഒരു പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകിയ യു.എസ്, ഇറാൻ്റെ ആണവ പദ്ധതികളെക്കുറിച്ച് നിർണായക വിവരം നൽകുന്നവർക്ക് 20 മില്യൺ ഡോളർ വരെ പാരിതോഷികവും പ്രഖ്യാപിച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും സെൻട്രൽ കമാൻഡുമാണ് ഈ അസാധാരണ പ്രഖ്യാപനം നടത്തിയത്.
ഇറാനിലേക്ക് കടൽ വഴിയും കര മാർഗ്ഗവും എത്തുന്ന വിഭവങ്ങളും അസംസ്കൃത വസ്തുക്കളും ആയുധ നിർമാണത്തിനായി ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രധാന ആരോപണം. തന്മൂലം, നിലവിലുള്ള സാമ്പത്തിക-നാവിക ഉപരോധങ്ങൾ വ്യാപിപ്പിച്ചാണ് ഫ്ലോറിഡയിലെ ടാമ്പ ആസ്ഥാനമായി ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ പ്രവർത്തിക്കുക. ആയുധ സാമഗ്രികളും സാങ്കേതിക വിദ്യകളും ഇറാനിലെത്തുന്നത് കർശനമായി നിരീക്ഷിക്കാനും തടയാനുമാണ് മറ്റ് വിവിധ യു.എസ് സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ഈ സംവിധാനം പ്രവർത്തിക്കുക.
ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് റീവാർഡ്സ് ഫോർ ജസ്റ്റിസ് പദ്ധതി വഴി വൻ തുക പാരിതോഷികമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാന്റെ ആണവശാസ്ത്രജ്ഞർ, സാങ്കേതിക പങ്കാളികൾ, രഹസ്യ കേന്ദ്രങ്ങൾ, ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള തെളിവുകൾ കൈമാറുന്നവർക്കാണ് പാരിതോഷികം നൽകുക.
ആവശ്യമെങ്കിൽ വിവരം നൽകുന്ന വ്യക്തികൾക്കും കുടുംബത്തിനും സുരക്ഷിതമായ പുതിയ താമസസൗകര്യം ഒരുക്കുമെന്നും അമേരിക്കൻ വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യൻ മേഖലയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾ കൂടുതൽ പ്രകോപനപരമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്ന് ഇറാൻ ആണവ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുവെന്ന ആരോപണം യു.എസ് ശക്തമായി മുന്നോട്ടുവെക്കുന്നുണ്ട്.
അമേരിക്കയുടെ ഈ പുതിയ പ്രഖ്യാപനങ്ങളോട് ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, തങ്ങളുടെ താൽപ്പര്യങ്ങൾക്ക് നേരെ ആക്രമണമോ ഉപരോധ നീക്കങ്ങളോ ശക്തമായാൽ കനത്ത തിരിച്ചടി നൽകുമെന്ന നിലപാടിലാണ് ഇറാന്റെ മുൻനിര സൈനിക നേതൃത്വം. അമേരിക്കയുടെ അയേൺ ഗേറ്റ് നീക്കങ്ങൾ വരും ദിവസങ്ങളിൽ മേഖലയിലെ ഭൗമരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





