ന്യൂഡൽഹി: അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗക്കാർക്ക് രാജ്യത്ത് തുടർന്നു ജീവിക്കാൻ വിസ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2025 ലെ ഇമിഗ്രേഷൻ ചട്ടങ്ങളിലാണ് സർക്കാർ ഈ പുതിയ മാറ്റം വരുത്തിയത്. 2024 ഡിസംബർ 31-ന് മുൻപ് യാത്രാരേഖകൾ ഇല്ലാതെ ഇന്ത്യയിൽ എത്തിയവർക്കും, കൈവശമുള്ള രേഖകളുടെ കാലാവധി കഴിഞ്ഞവർക്കുമാണ് ഈ നിർദേശം ബാധകം.
അതേസമയം ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, പാഴ്സി വിഭാഗക്കാർക്ക് രാജ്യത്തേക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള ഇളവ് തുടരും. എന്നാൽ വന്നതിനുശേഷം ഇവിടെ താമസിക്കാൻ ഇനി കൃത്യമായ വിസ വേണം. 2019-ലെ പൗരത്വ ഭേദഗതി നിയമത്തിന് (CAA) അനുയോജ്യമായ രീതിയിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ദീർഘകാലമായി ഇവിടെ കഴിയുന്ന ചില പ്രത്യേക വിഭാഗക്കാർക്ക് പുതിയ നിയമം വലിയ ആശ്വാസമാകും.
2009 ഡിസംബർ 31-ന് മുൻപ് സാധുവായ പാസ്പോർട്ടുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരന്മാർ, വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി പിന്നീട് തിരിച്ചെത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയവർ, പാസ്പോർട്ട് പുതുക്കാൻ കഴിയാത്ത മലേഷ്യൻ-സിംഗപ്പൂർ ഇന്ത്യൻ വംശജർ എന്നിവർക്ക് വിസയെടുത്ത് ഇനി നിയമപരമായി ഇന്ത്യയിൽ തുടരാം.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
നേപ്പാൾ, ഭൂട്ടാൻ അതിർത്തി വഴിയുള്ള യാത്രകൾക്കും പുതിയ നിയന്ത്രണങ്ങളുണ്ട്. ഇന്ത്യക്കാർക്ക് ഈ രാജ്യങ്ങളിലേക്ക് പോകാൻ പാസ്പോർട്ട് വേണ്ടെങ്കിലും, ഇവ വഴി മൂന്നാം രാജ്യങ്ങളിലേക്ക് പോകുന്നവർ പാസ്പോർട്ട് കാണിക്കണം. കൂടാതെ ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന നേപ്പാൾ, ഭൂട്ടാൻ പൗരന്മാർ ഇന്ത്യയിലൂടെ കടന്നുപോകുമ്പോൾ വിസയും പാസ്പോർട്ടും ഹാജരാക്കണം.
എന്നാൽ 2003 മേയ് 30-ന് മുൻപ് ഇന്ത്യയിലെത്തിയ തിബത്തൻ അഭയാർഥികൾക്കും, 2015 ജനുവരി 9-ന് മുൻപ് അഭയം പ്രാപിച്ച ശ്രീലങ്കൻ തമിഴർക്കും പാസ്പോർട്ട്-വിസ ഇളവുകൾ തുടരും. തിബത്തുകാർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശം വെച്ചാൽ മതിയാകും. ഔദ്യോഗിക യാത്ര നടത്തുന്ന ഇന്ത്യൻ സൈനികർക്കും ഈ ഇളവുകൾ ലഭിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





