ന്യൂഡൽഹി: സായുധ സേനയിലെ അഗ്നിവീറുകളുടെ സേവനകാലയളവിൽ നിർണായക മാറ്റവുമായി കേന്ദ്ര മന്ത്രിസഭ. നാല് വർഷത്തെ സേവനത്തിന് ശേഷം സ്ഥിരം സേവനത്തിന് തിരഞ്ഞെടുക്കപ്പെടാത്ത 75% അഗ്നിവീറുകൾക്ക് രണ്ട് വർഷത്തെ അധിക നിയമനം നൽകാനാണ് പുതിയ തീരുമാനം. ആറ് വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം, സൈന്യത്തിന്റെ കർശനമായ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ ഇവർക്ക് സ്ഥിരം സേനയിൽ അവസരം നേടാനും ഇതിലൂടെ അവസരം ലഭിക്കും.

പതിനെട്ടായിരത്തിലധികം വരുന്ന അഗ്നിവീറുകളുടെ ആദ്യ ബാച്ചിന്റെ കാലാവധി പൂർത്തിയായി അവരെ പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന പ്രഖ്യാപനം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങി ഉയർന്ന തോതിൽ റിക്രൂട്ട്മെന്റ് നടക്കുന്ന സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും യുവാക്കളുടെ ഭാഗത്തുനിന്നുള്ള ശക്തമായ പ്രതിഷേധങ്ങളുമാണ് ഈ പദ്ധതി പരിഷ്കരണത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
2022-ൽ ആരംഭിച്ച അഗ്നിവീർ പദ്ധതിയിൽ നിലവിൽ മൂന്ന് സേനകളിലുമായി മൂന്ന് ലക്ഷത്തോളം അഗ്നിവീറുകളാണുള്ളത്. രണ്ടാമത്തെ നിയമന കാലയളവിൽ ഉയർന്ന ശമ്പളം, കൂടുതൽ സേവാനിധി പാക്കേജ്, സീനിയോറിറ്റി ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ സുബ്രഹ്മണി വ്യക്തമാക്കി. പുതിയ ഭേദഗതിപ്രകാരം അഞ്ചാം വർഷം പ്രതിമാസം ₹43,500 ഉം ആറാം വർഷം പ്രതിമാസം ₹47,500 ഉം ശമ്പളമായി അഗ്നിവീറുകൾക്ക് ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പദ്ധതി തുടക്കം മുതലേ രാഹുൽ ഗാന്ധി എതിർത്തിരുന്നതാണെന്ന് ചൂണ്ടിക്കാണിച്ച പാർട്ടി നേതാവ് പവൻ ഖേര, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് സർക്കാരിന്റെ ഈ നാട്യമെന്നും ആരോപിച്ചു. അഗ്നിപഥ് പദ്ധതിയിൽ ഗുരുതരമായ പിഴവുകളുണ്ടെന്നും ഒടുവിൽ സർക്കാരിന് ഈ പദ്ധതി പൂർണ്ണമായി പിൻവലിക്കേണ്ടി വരുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




