എഡ്മന്റൺ: വിമാനയാത്രയ്ക്കിടെ ഹന്റാവൈറസ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ രണ്ട് ആൽബർട്ട സ്വദേശികൾ നിരീക്ഷണത്തിൽ. അന്താരാഷ്ട്ര യാത്രയ്ക്കിടെയാണ് ഇവർക്ക് വൈറസ് ബാധിച്ച ആളുമായി സമ്പർക്കമുണ്ടായതെന്ന് ആൽബർട്ട പ്രൈമറി ആൻഡ് പ്രിവന്റേറ്റീവ് ഹെൽത്ത് സർവീസസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
നിലവിൽ ഇരുവരും ആരോഗ്യപ്രശ്നങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ വീട്ടിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടോം മക്മില്ലൻ അറിയിച്ചു. ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് അധികൃതർ കൃത്യമായി പരിശോധിച്ചുവരികയാണ്. വൈറസ് സമ്പർക്കമുണ്ടായ എല്ലാവർക്കും രോഗബാധയുണ്ടാകണമെന്നില്ലെന്നും, ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് വളരെ അപൂർവമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘനേരം അടുത്ത സമ്പർക്കമുണ്ടായാൽ മാത്രമേ പകരാൻ സാധ്യതയുള്ളൂ.
ഈ വൈറസ് സമ്പർക്കം വിമാനയാത്രയ്ക്കിടെയാണ് സംഭവിച്ചതെന്നും, നിലവിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്ത ക്രൂയിസ് കപ്പലുമായി ഇവർക്ക് ബന്ധമില്ലെന്നും കാനഡയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ജോസ് റൈമർ വ്യക്തമാക്കി. ക്രൂയിസ് കപ്പലിലെ ഹാന്റാവൈറസ് വ്യാപനത്തെക്കുറിച്ച് മേയ് 2-നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്. കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ ഇതിനകം മരിച്ചിട്ടുണ്ട്. കപ്പലിലുള്ള 140-ഓളം യാത്രക്കാരിൽ നാല് കാനഡക്കാരും ഉൾപ്പെടുന്നുണ്ടെങ്കിലും ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല.
കപ്പൽ ഞായറാഴ്ച സ്പെയിനിൽ എത്തും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പൊതുജനാരോഗ്യം സംരക്ഷിക്കാൻ ഫെഡറൽ ഏജൻസികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ആൻഡീസ് ഹന്റാവൈറസ് വകഭേദം ഇതുവരെ ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മറ്റ് ചില വകഭേദങ്ങൾ നേരത്തെ പ്രവിശ്യയിൽ കണ്ടെത്തിയിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Two people in Alberta under observation after hantavirus exposure during flight




