മോങ്ക്ടൺ: നഗരമധ്യത്തിൽ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ രണ്ടുമാസത്തെ പ്രത്യേക നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളുമായി ന്യൂ ബ്രൺസ്വിക് ആർ.സി.എം.പി. എന്നാൽ, കേവലം ലഹരിവസ്തുക്കൾ കൈവശം വെക്കുന്നവരെ അറസ്റ്റ് ചെയ്തു കേസ്സെടുക്കുന്നതിന് പകരം ബോധവൽക്കരണത്തിനും പുനരധിവാസത്തിനുമാണ് പൊലീസ് മുൻഗണന നൽകുന്നത്.
റൗണ്ട് അപ്പിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ കാൽനടയായും അല്ലാതെയും നഗരത്തിലെ ജനനിബിഡമായ സ്ഥലങ്ങളിലും പാർക്കുകളിലും തെരുവോരങ്ങളിലും റോന്ത് ചുറ്റും. യൂണിഫോമിലുള്ളവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഒറ്റയടിക്ക് വൻ പൊലീസ് വ്യൂഹത്തെ ഇറക്കി ഭീതി സൃഷ്ടിക്കാനല്ല, മറിച്ച് ലഹരി വിമുക്തിക്ക് സഹായം ആവശ്യമുള്ളവരെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് സൂപ്രണ്ട് ബെനോയിറ്റ് ജോലെറ്റ് വ്യക്തമാക്കി.
നിയമത്തിലെ പുതിയ ഭേദഗതികൾ അനുസരിച്ച്, ലഹരി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകൽ, കേസ് ഒഴിവാക്കൽ, അല്ലെങ്കിൽ കമ്മ്യൂണിറ്റി അധിഷ്ഠിത ചികിത്സാ-സഹായ കേന്ദ്രങ്ങളിലേക്ക് അയക്കൽ തുടങ്ങിയ ബദൽ മാർഗ്ഗങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. അതേസമയം, മയക്കുമരുന്ന് മാഫിയ, കടത്ത്, നിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നിയമനടപടി തുടരുമെന്നും RCMP വ്യക്തമാക്കി.
വൈ.എം.സി.എ (YMCA) റീകണക്ട് അൾട്ടർനേറ്റീവ് ഡിസ്പാച്ച്, മുൻസിപ്പൽ ബൈലോ ഓഫീസർമാർ, ഹൊറൈസൺ-വൈറ്റാലിറ്റി ഹെൽത്ത് നെറ്റ്വർക്കുകൾ എന്നിവരുമായി സഹകരിച്ചാണ് പൊലീസ് ഈ രണ്ടുമാസത്തെ ദൗത്യം നടപ്പിലാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









