ന്യൂ ബ്രൺസ്വിക്ക്: പുതിയ അധ്യയന വർഷത്തിന് തുടക്കമാകാനിരിക്കെ, കുട്ടികളുടെ സ്കൂൾ ഹാജർനില ഉറപ്പാക്കാൻ രക്ഷിതാക്കളോട് ന്യൂ ബ്രൺസ്‌വിക് വിദ്യാഭ്യാസ മന്ത്രി ക്ലെയർ ജോൺസൺ ആഹ്വാനം ചെയ്തു. സ്കൂൾ എന്നത് കേവലം പഠനത്തിനുള്ള സ്ഥലം മാത്രമല്ലെന്നും സൗഹൃദങ്ങൾ സ്ഥാപിക്കാനും ഉത്തരവാദിത്തബോധമുള്ളവരാകാനും ജീവിതാനുഭവങ്ങൾ നേടാനുമുള്ള ഇടം കൂടിയാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൃത്യമായി സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പഠനത്തിലും ജീവിതത്തിലും ഉയർന്ന വിജയം കൈവരിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവിശ്യ സർക്കാരിന്റെ ഔദ്യോഗിക ഡാഷ്‌ബോർഡ് കണക്കുകൾ പ്രകാരം 2025 സെപ്റ്റംബർ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ വലിയ രീതിയിലാണ് ഹാജർ നിലയിൽ കുറവ് രേഖപ്പെടുത്തിയത്. കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ മൊത്തത്തിൽ 28.5 ശതമാനം ആളുകൾ സ്ഥിരമായി ക്ലാസുകളിൽ എത്തിയിട്ടില്ല. ഇതിൽ ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ഉയർന്ന ക്ലാസുകളിലെ 35 ശതമാനത്തിലധികം വിദ്യാർത്ഥികളും സ്ഥിരമായി സ്കൂളിൽ എത്തിയിരുന്നില്ല. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ 29 ശതമാനവും, കിന്റർഗാർട്ടൻ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളിൽ 22 ശതമാനവുമാണ് ഹാജർ നിരക്ക്.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
കുട്ടികളുടെ ഹാജർ നില ഉയർത്തുന്നതിനായി പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം രക്ഷിതാക്കളെ ഓർമ്മിപ്പിക്കുന്നു. കൃത്യമായ ദൈനംദിന ദിനചര്യകൾ പാലിക്കുക, സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പുകൾ തലേദിവസം രാത്രി തന്നെ പൂർത്തിയാക്കുക, അധ്യാപകരുമായി നിരന്തരം ആശയവിനിമയം നിലനിർത്തുക എന്നിവ ഇതിൽ പ്രധാനമാണ്. കൂടാതെ ഏതെങ്കിലും കാരണം കൊണ്ട് വൈകിയാൽ പോലും കുട്ടികളെ സ്കൂളിൽ അയക്കാൻ മടിക്കരുതെന്നും നിർദ്ദേശമുണ്ട്. ചൊവ്വാഴ്ച പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, ഓരോ കുട്ടിയുടെയും തുടർച്ചയായ പങ്കാളിത്തം ഉറപ്പാക്കാൻ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയാണ് മന്ത്രാലയം അഭ്യർത്ഥിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









