വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ 50 ശതമാനം തീരുവകൾ പ്രാബല്യത്തിൽ വരുന്നതോടെ കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ ശക്തമാകും. ഈ തീരുമാനം നടപ്പിലാകുന്നതോടെ മൊബൈൽ ഫോണുകൾ, വീഡിയോ ഗെയിംസ്, AI സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് വലിയ വിലവർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ വർഷം കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ച 4 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള ഇലക്ട്രോണിക് സാമഗ്രികളെയാണ് ഇത് പ്രധാനമായും ബാധിക്കുക. ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയായി കാനഡയും സമാനമായ രീതിയിൽ തിരിച്ചടി നികുതികൾ ചുമത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
നിർമാണ മേഖലയക്ക് തിരിച്ചടി
ഇലക്ട്രിക്കൽ ബോർഡുകൾ, കൺട്രോളറുകൾ തുടങ്ങിയ പ്രധാന ഉപകരണങ്ങളുടെ കയറ്റുമതിയെയാണ് ഈ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. തങ്ങളുടെ കയറ്റുമതിയുടെ 90 ശതമാനവും അമേരിക്കയിലേക്കാണെന്നും, പുതിയ നികുതികൾ കാരണം വീടുകൾ, സ്കൂളുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ നിർമാണച്ചെലവ് വൻതോതിൽ ഉയരുമെന്നും കാനഡയിലെ ഇലക്ട്രോ-ഫെഡറേഷൻ സംഘടനയുടെ മേധാവിയായ കാരോൾ മക്ഗ്ലോഗൻ പറഞ്ഞു. രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനങ്ങൾ ഇരട്ടിയായി വികസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലുണ്ടാകുന്ന ഈ തിരിച്ചടി, അന്തിമമായി സാധാരണക്കാരായ നികുതിദായകരുടെ മേലാണ് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുക.
Also Read: മേക്കപ്പ് പ്രോഡക്ട്സ് മുതൽ സ്മാർട്ട്ഫോൺ വരെ: യു.എസ് ഉൽപ്പന്നങ്ങൾക്ക് കൗണ്ടർ-താരിഫുമായി കാനഡ
സാധാരണക്കാർക്കും വിപണിക്കും കനത്ത പ്രഹരം
ആഗോളതലത്തിൽ നിലവിലുള്ള ചിപ്പുകളുടെ ലഭ്യതക്കുറവും വിതരണ തടസ്സങ്ങളും കാരണം സ്മാർട്ട്‌ഫോണുകളുടെയും ഗെയിമിംഗ് ഉപകരണങ്ങളുടെയും വില നിലവിൽ ഉയർന്നു നിൽക്കുകയാണ്. ഇതിനിടയിലാണ് പുതിയ വ്യാപാര തർക്കം ഉൽപ്പന്നങ്ങളെ കൂടുതൽ ചെലവേറിയതാക്കുന്നത്. പ്രമുഖ സാങ്കേതിക കമ്പനിയായ എൻവിഡിയ (Nvidia) തങ്ങളുടെ AI ചിപ്പുകൾക്ക് 15 ശതമാനം വരെ വില കൂട്ടേണ്ടി വരുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും വിതരണത്തിലും ഉണ്ടാകുന്ന ഈ അധികച്ചെലവ് കമ്പനികൾ നേരിട്ട് ഉപഭോക്താക്കളിൽ നിന്നായിരിക്കും ഈടാക്കുക. ഇത് കാനഡയിലും അമേരിക്കയിലുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ പുതിയ നിക്ഷേപങ്ങളെയും സാങ്കേതിക വികസനത്തെയും മന്ദഗതിയിലാക്കാനും ഇടയാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Trump's announcement deals a blow to the construction sector; tech market faces crisis amid Canada-US dispute.





