ഓട്ടവ : അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കാനഡയും തമ്മിലുള്ള വ്യാപാര യുദ്ധം യു.എസിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ നിർണായക ചർച്ചാവിഷയമായി മാറുന്നു. കാനഡയ്‌ക്കെതിരെ ട്രംപ് ഭരണകൂടം ചുമത്തിയ ഉയർന്ന തീരുവകളും നടപടികളും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാനഡയുമായി ഏറ്റവും അടുത്ത വ്യാവസായിക ബന്ധമുള്ള യു.എസിലെ അതിർത്തി പ്രവിശ്യകളിൽ ഇത് ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

മേയ്ൻ, മിഷിഗൺ, ഒഹായോ തുടങ്ങിയ ബാറ്റിൽഗ്രൗണ്ട് സംസ്ഥാനങ്ങളിലെ ജനപ്രതിനിധികൾ പ്രതിസന്ധിയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കാനഡയിലേക്കുള്ള കയറ്റുമതി തടസ്സപ്പെടുന്നതും ഇറക്കുമതി സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതും ഈ സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ട്. കാനഡയുമായുള്ള വ്യാപാര തർക്കം യാതൊരു യുക്തിയുമില്ലാത്തതാണെന്നും അത് സാധാരണക്കാരായ അമേരിക്കക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയാണെന്നും ഡെമോക്രാറ്റിക് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
കാനഡയ്ക്കുമേൽ 50 ശതമാനം വരെ തീരുവ ചുമത്തിയതിന് പുറമെ, ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് മാറ്റിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവും വലിയ രീതിയിലുള്ള അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രസ്തുത പേരുമാറ്റത്തോടും തീരുവ വർധനയോടും ഭൂരിഭാഗം അമേരിക്കക്കാരും വിയോജിപ്പ് പ്രകടിപ്പിക്കുന്നതായി സർവേകൾ വ്യക്തമാക്കുന്നു. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരിക്കുന്നതും റിപ്പബ്ലിക്കൻ ക്യാമ്പിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന നവംബർ മാസത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കാൻ ഈ വ്യാപാര യുദ്ധത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ കാനഡാ വിരുദ്ധ നിലപാടുകൾ സ്വന്തം പാർട്ടിയിലെ പല നേതാക്കളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എങ്കിലും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ട്രംപ് ഭരണകൂടം പ്രതിരോധത്തിലായ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ എങ്ങനെ കരകയറ്റുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








