നെയ്റോബി: കെനിയയിലെ സംഭൂരു കൗണ്ടിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് ഏഴ് പേർ മരണപ്പെട്ടു. ഇക്വഡോർ ഇന്റലിജൻസ് വിഭാഗം മേധാവി മിഷേൽ സെൻസി-കോൺടൂഗി, അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫാനി ഹോളിഹാൻ, അഞ്ച് അമേരിക്കൻ പൗരന്മാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഉത്തര കെനിയയിലെ പ്രശസ്തമായ ലോയിസാബ കൺസർവൻസി എന്ന വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളുമായി പോയ ഹെലികോപ്റ്ററാണ് ദുരന്തത്തിൽപ്പെട്ടതെന്ന് ആർച്ചേഴ്സ് പോസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.
ഒരു പൈലറ്റും ആറ് യാത്രക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട അഞ്ച് അമേരിക്കൻ പൗരന്മാരിൽ യുഎസ് പൗരത്വമുള്ള സ്റ്റെഫാനി ഹോളിഹാനും ഉൾപ്പെടുന്നുണ്ടെന്ന് ഇക്വഡോർ പ്രസിഡന്റിന്റെ ഓഫീസും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും സ്ഥിരീകരിച്ചു. ഇവർ വിനോദസഞ്ചാരികളായാണ് കെനിയയിലെത്തിയതെന്ന് പോലീസ് റിപ്പോർട്ടിലുണ്ട്. അപകടവിവരമറിഞ്ഞ് യുഎസ് എംബസി പ്രാദേശിക അധികൃതരുമായി ബന്ധപ്പെടുകയും ആവശ്യമായ കോൺസുലാർ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
Also Read : ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം; ബാഗ്പൈപ്പ് കൊണ്ട് കാറടിച്ച് തകർത്തതായി പരാതി
ലക്ഷ്വറി ടൂർ ഏജൻസിയായ ‘&ബിയോണ്ട്’ ഒരുക്കിയ യാത്രയ്ക്കിടെയാണ് ദാരുണമായ സംഭവം നടന്നത്. അതേസമയം, ഹെലികോപ്റ്റർ തകരാനുണ്ടായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. അപകടം നടന്ന സ്ഥലം കുത്തനെയുള്ള മലനിരകളും ദുർഘടമായ ഭൂപ്രകൃതിയും നിറഞ്ഞതായതിനാലും തീപിടിത്തമുണ്ടായതിനാലും രക്ഷാപ്രവർത്തനവും മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും കടുപ്പമേറിയതാണെന്ന് കെനിയ റെഡ് ക്രോസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




