ടൊറന്റോ: കുടുംബാംഗങ്ങളുടെ മരണവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം തളർന്നുനിൽക്കവെ വ്യാജ ജോത്സ്യന്റെ (Psychic) ചതിയിൽപ്പെട്ട് ഒരു കനേഡിയൻ വനിതയ്ക്ക് നഷ്ടമായത് 96,000 ഡോളർ (ഏകദേശം 80 ലക്ഷത്തോളം രൂപ). തന്റെ ആയുഷ്കാല സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതായിടൊറന്റോ സ്വദേശിയായ യുവതി വെളിപ്പെടുത്തി.
രണ്ടുവർഷം മുൻപ് ഇടുപ്പെല്ലിനേറ്റ പരിക്കിനെ തുടർന്ന് കഠിനമായ വേദന അനുഭവിക്കുമ്പോഴാണ് യുവതിക്ക് പിതാവിനെയും സഹോദരനെയും നഷ്ടപ്പെടുന്നത്. ഈ മാനസിക തകർച്ചയുടെ സമയത്ത് ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു പരസ്യമാണ് യുവതിയെ തട്ടിപ്പുകാരനിലേക്ക് നയിച്ചത്. വെറും 30 ഡോളറിന് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ, ആദ്യ സന്ദർശനത്തിൽ തന്നെ യുവതിയെ ഭയപ്പെടുത്താൻ തുടങ്ങി. ശരീരത്തിൽ ബാധയുണ്ടെന്നും, ദുരാത്മാക്കൾ കാരണം ഉടൻ തളർന്നു വീണ് മരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്.
ബാധയെ പ്ലാസ്റ്റിക് പാത്രത്തിലാക്കി തടാകക്കരയിൽ കുഴിച്ചിടാമെന്നു പറഞ്ഞ് ആദ്യ ഘട്ടത്തിൽ 25,000 ഡോളർ വാങ്ങി. പിന്നീട് കൂടുതൽ ദുരാത്മാക്കളുണ്ടെന്ന് വിശ്വസിപ്പിച്ച് ഘട്ടംഘട്ടമായി മൊത്തം 96,000 ഡോളർ കൈക്കലാക്കുകയായിരുന്നു. എന്നാൽ വലിയ തുക നൽകിയിട്ടും രോഗമോ മാനസിക പ്രയാസങ്ങളോ മാറിയില്ല. തട്ടിപ്പ് വ്യക്തമായതോടെ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പഠിച്ച കനേഡിയൻ ആന്റി-ഫ്രോഡ് സെന്റർ, ഭയവും വൈകാരിക തകർച്ചയും മുതലെടുക്കുന്ന ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









