കാനഡയിലെ പ്രധാന സാമ്പത്തിക നഗരമായ ടൊറന്റോയിലും പരിസര പ്രദേശങ്ങളിലും പെയ്തിറങ്ങിയ കനത്ത ഇടിമിന്നലോട് കൂടിയ പെരുമഴയിൽ വൻ നാശനഷ്ടം. സാധാരണ ഒരു മാസത്തിൽ ലഭിക്കേണ്ട മഴ ഒറ്റദിവസം കൊണ്ട് പെയ്തിറങ്ങിയതോടെ നഗരത്തിലെ റോഡുകൾ പ്രളയസമാനമായി മാറി. മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണ് ലക്ഷക്കണക്കിന് ആളുകളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്. ഡോൺ വാലി പാർക്ക്വേ, ഗാർഡിനർ എക്സ്പ്രസ് വേ തുടങ്ങിയ പ്രധാന പാതകളിൽ വെള്ളം കയറി ഗതാഗതം സ്തംഭിക്കുകയും, അടിയന്തര ആവശ്യങ്ങൾക്കായി അയ്യായിരത്തിലധികം 911 കോളുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
മഴ കനത്ത നാശം വിതച്ചെങ്കിലും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന് ടൊറന്റോ മേയർ ഒലീവിയ ചൗ വ്യക്തമാക്കി. നഗരസഭാ ജീവനക്കാരും രക്ഷാപ്രവർത്തകരും ചേർന്ന് വെള്ളക്കെട്ടുകൾ ഒഴിവാക്കാനും വൈദ്യുതി ബന്ധം പൂർണ്ണമായി പുനഃസ്ഥാപിക്കാനുമുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളിലാണ്. വിമാന സർവീസുകളും സബ്വേ, ബസ് സർവീസുകളും സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നുണ്ടെങ്കിലും ചില റോഡുകളിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളും തടസ്സങ്ങളും കാരണം ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Also Read: ജന്മാവകാശ പൗരത്വ ഉത്തരവ്: ട്രംപിന്റെ പുതിയ ഉത്തരവിന് ഫെഡറൽ കോടതി സ്റ്റേ
കാനഡയിലേക്ക് പുതുതായി കുടിയേറുന്നവരും പ്രദേശവാസികളും മഞ്ഞുകാലത്തെപ്പോലെ തന്നെ വേനൽക്കാലത്തെ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളെയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രത്യേകിച്ച് ബേസ്മെന്റ് അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർ വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടി കണ്ട് സുരക്ഷിതമായ കെട്ടിടങ്ങൾ തിരഞ്ഞെടുക്കണം. വാഹനം ഉപയോഗിക്കുന്നവർ ഫ്ലഡ് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുന്നതും, മൊബൈലിൽ ലഭിക്കുന്ന എമർജൻസി അലേർട്ടുകൾ കൃത്യമായി പിന്തുടരുന്നതും ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ അപകടങ്ങളിൽ നിന്നും സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും സംരക്ഷണം നൽകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









