ഒട്ടാവ: കാനഡയിൽ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) കാലാവധി അവസാനിക്കുന്നവർ രാജ്യത്ത് തുടരാനായി വ്യാജമായോ അടിസ്ഥാനരഹിതമായോ വർക്ക് പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കരുതെന്ന കർശന മുന്നറിയിപ്പുമായി IRCC. നിയമവിരുദ്ധമായ ഇത്തരം അപേക്ഷകൾ ഭാവിയിലെ സ്ഥിരതാമസ (PR) സാധ്യതകളെപ്പോലും പൂർണ്ണമായി ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. സജീവ എക്സ്പ്രസ് എൻട്രി അപേക്ഷയുള്ളവർക്ക് കഴിഞ്ഞ ജൂൺ 4-ന് കുടിയേറ്റ വകുപ്പ് അയച്ച അഡീഷണൽ ഡോക്യുമെന്റ് റിക്വസ്റ്റിലാണ് (ADR) ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കാനഡയിലെ താമസം നീട്ടിയെടുക്കാൻ നിയമവിരുദ്ധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. കാനഡയുടെ കുടിയേറ്റ-അഭയാർത്ഥി സംരക്ഷണ നിയമപ്രകാരം (IRPA), വിദേശ പൗരന്മാർ തങ്ങളുടെ താമസാനുമതിയുടെകാലാവധി തീരുന്നതിന് മുൻപ് രാജ്യം വിടുകയോ അല്ലെങ്കിൽ നിയമാനുസൃതമായി കാലാവധി നീട്ടുകയോ ചെയ്യണം. എന്നാൽ കാലാവധി തീരുന്നതിന് തൊട്ടുമുൻപ് വ്യാജ അപേക്ഷ നൽകി താൽക്കാലിക താമസാനുമതി (Implied Status) നേടാൻ ചിലർ ശ്രമിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെട്ട ശേഷം, 90 ദിവസത്തിനകം വിസിറ്റർ വിസയിലേക്ക് മാറാൻ ശ്രമിക്കുന്നവരെ ഇപ്പോൾ കുടിയേറ്റ വകുപ്പ് കർശനമായി നിരീക്ഷിച്ചു വരികയാണ്. വ്യാജ അപേക്ഷകളിലൂടെ നേടുന്ന താൽക്കാലിക താമസകാലം പിന്നീട് “അനധികൃത താമസം” ആയി കണക്കാക്കാനാണ് പുതിയ തീരുമാനം.
വ്യാജ അപേക്ഷകൾ സമർപ്പിക്കുന്നത് ഭാവിയിൽ കാനഡയിലേക്ക് പ്രവേശിക്കുന്ന വിലക്കിലേക്ക് (Inadmissible) നയിക്കുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. ഇത് നിലവിലുള്ള പി.ആർ. അപേക്ഷകൾ തള്ളപ്പെടാനും കാനഡയിലെ തുടർപഠന, തൊഴിൽ സാധ്യതകൾ എന്നെന്നേക്കുമായി നഷ്ടപ്പെടാനും കാരണമാകും. അതിനാൽ, PGWP കാലാവധി അവസാനിക്കാറായ ഉദ്യോഗാർത്ഥികൾ തെറ്റായ വിവരങ്ങൾ നൽകി അപേക്ഷിക്കാതെ, നിയമപരമായ മറ്റ് കുടിയേറ്റ മാർഗ്ഗങ്ങൾ മാത്രം സ്വീകരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ നിർദ്ദേശിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Those whose PGWP expires in Canada should not apply for fake work permit: IRCC issues strict warning










