ലോസ് ഏഞ്ചൽസ്: ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവമുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ള 24 പേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടി. ഇതിൽ മൂന്ന് പേർ കാനഡയിലാണ് അറസ്റ്റിലായത്. അമേരിക്കൻ നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ എന്ന പേരിലുള്ള അന്വേഷണത്തിനൊടുവിലാണ് വലിയൊരു ശൃംഖലയെത്തന്നെ തകർക്കാൻ അധികൃതർക്ക് സാധിച്ചത്.
2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറിയിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ച സംഭവത്തിൽ, ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ്, ലോറൻസ് ബിഷ്ണോയിയും ഇയാളുടെ സഹായി സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാർ എന്നിവരുമാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആകെ 37 പ്രതികളാണ് കേസിലുള്ളത്. കാനഡയിലെ പ്രമുഖ ഇന്ത്യൻ നടന്റെയും ഗായകന്റെയും വസതിയിലുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്തവും ബിഷ്ണോയി നേരത്തെ ഏറ്റെടുത്തിരുന്നു.
ഇന്ത്യൻ സമൂഹത്തിൽ ഭീതി വിതയ്ക്കാൻ ഇത്തരം കൊലപാതകങ്ങൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ലഹരിക്കടത്തിലൂടെയാണ് ബിഷ്ണോയി സംഘം തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. ഈ ഓപ്പറേഷന്റെ ഭാഗമായി ഏകദേശം 1,000 കിലോ കൊക്കെയ്നും പന്ത്രണ്ടോളം തോക്കുകളും അധികൃതർ പിടിച്ചെടുത്തു. 2024 നവംബറിൽ കാലിഫോർണിയയിൽ വെച്ച് കാനഡയിലേക്ക് കടത്താൻ ശ്രമിച്ച 49 കിലോ കൊക്കെയ്നും അധികൃതർ പിടിച്ചെടുത്തിരുന്നു. ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടുള്ള ഗുണ്ടാസംഘങ്ങളുടെ ഇത്തരം നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ നടപടിയായാണ് അന്താരാഷ്ട്ര ഏജൻസികൾ ഈ അറസ്റ്റുകളെ വിലയിരുത്തുന്നത്.
The U.S. Justice Department arrested 24 suspects around the world
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






