ചെന്നൈ: വസ്ത്രധാരണത്തെ ചൊല്ലി വിചിത്ര വാദങ്ങളുമായി വൈസ് ചാൻസലർ രംഗത്തെത്തിയതോടെ തിരുച്ചിറപ്പള്ളി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം ഇരമ്പുന്നു. പെൺകുട്ടികൾ ഷോട്സ് ധരിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണെന്നും ഇത്തരം വസ്ത്രധാരണം ലൈംഗികാതിക്രമങ്ങളെ ക്ഷണിച്ചുവരുത്തുമെന്നുമാണ് വിസി വി. നാഗരാജിന്റെ കണ്ടുപിടുത്തം. ക്ലാസ് പ്രതിനിധികളുടെ യോഗത്തിൽ വിസി നടത്തിയ ഈ ‘സാരോപദേശം’ കേട്ട് അന്തംവിട്ടിരിക്കുകയാണ് വിദ്യാർത്ഥി ലോകം. അനുചിതമായ വസ്ത്രധാരണം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ തിരിക്കുമെന്നും അതുകൊണ്ട് പെൺകുട്ടികൾ അടങ്ങിയൊതുങ്ങി നടക്കണമെന്നുമാണ് വിസിയുടെ ലൈൻ.
വിസിയുടെ സദാചാര പ്രസംഗം പുറത്തുവന്നതോടെ ക്യാമ്പസിൽ പ്രതിഷേധം കനത്തു. “തകരാർ ഞങ്ങളുടെ വസ്ത്രത്തിനല്ല, നിങ്ങളുടെ മാനസികാവസ്ഥയ്ക്കാണ്” എന്ന് എഴുതിയ പ്ലക്കാർഡുകളുമായി പെൺകുട്ടികൾ കൂട്ടത്തോടെ തെരുവിലിറങ്ങി. എന്നാൽ പ്രതിഷേധം കനത്തിട്ടും വിസിക്ക് കുലുക്കമില്ല. സ്ഥാപനത്തിന്റെ സൽപേര് വർദ്ധിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. വസ്ത്രം മാറിയാൽ യൂണിവേഴ്സിറ്റിയുടെ അന്തസ്സ് ഇടിയുമത്രേ! എന്നാൽ നിയമം പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഇത്രയും പിന്തിരിപ്പൻ ചിന്താഗതി വിളമ്പുന്ന വിസിക്കെതിരെ സോഷ്യൽ മീഡിയയിലും പരിഹാസം ഉയരുകയാണ്.
ഇതാദ്യമായല്ല നാഗരാജ് സാർ ‘ഷോട്സ്’ കണ്ട് പേടിക്കുന്നത്. 2016-ൽ ബെംഗളൂരു ലോ സ്കൂളിൽ അധ്യാപകനായിരിക്കുമ്പോഴും ഇതേ പല്ലവി അദ്ദേഹം ആവർത്തിച്ചിരുന്നു. അന്ന് വിദ്യാർത്ഥികൾ ഷോട്സ് ധരിച്ചെത്തിയാണ് അദ്ദേഹത്തിന് മറുപടി നൽകിയത്. പത്തുവർഷം കഴിഞ്ഞിട്ടും തന്റെ പഴയ നിലപാടിൽ അഭിമാനിക്കുന്നു എന്ന് പറയുന്ന വിസിക്ക് കാലം മാറിയത് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. വിസി മാപ്പ് പറയാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ലോ കോളേജിലെ ഭാവി വക്കീലന്മാർ.
The problem is not in your clothes, sir, but in your gaze! VC says wearing shorts will lead to harassment; Law students respond to mockery
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



