ചെന്നൈ: തമിഴ്‌നാട് സർക്കാരിൻ്റെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയും ഔദ്യോഗിക പരിപാടികളിൽ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം തന്നെ ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷമടക്കമുള്ള എല്ലാ കക്ഷികളും പിന്തുണച്ചു. മാതൃഭാഷ അമ്മയെപ്പോലെയാണെന്നും തമിഴ് തായ് വാഴ്ത്ത് അതിനും മുകളിലാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴിൻ്റെ മഹത്വവും പെരുമയും വിളിച്ചോതാൻ ‘തിരുക്കുറൾ’ ഒന്നുകൊണ്ടുതന്നെ സാധിക്കുമെന്നും, വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിർദേശങ്ങളുണ്ടായിരുന്നിട്ടും സംസ്ഥാന ഗീതത്തിൻ്റെ കാര്യത്തിൽ തമിഴ്‌നാട് സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
മനോന്മണീയം സുന്ദരനാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിൻ്റെ ആലാപനം മൂന്നാം സ്ഥാനത്തേക്ക് മാറ്റിയത് അടുത്തിടെ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടാതെ, സംസ്ഥാന ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് 2026 ജൂലൈ 9-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിലെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചത്. ഭാഷാ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഔദ്യോഗിക ചടങ്ങുകളിൽ വ്യക്തമായ പ്രോട്ടോക്കോൾ നടപ്പിലാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
1970-ൽ സർക്കാർ ഉത്തരവിലൂടെയാണ് ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ പാടിത്തുടങ്ങിയത്. തുടർന്ന് 2021 ഡിസംബർ 12-ന് ഇതിന് തമിഴ്‌നാടിൻ്റെ ഔദ്യോഗിക സംസ്ഥാന ഗീതമെന്ന പദവി നൽകി. പുതിയ പ്രമേയം പാസായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ എന്നിവയിലെല്ലാം നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഇനി മുതൽ ഏകീകൃതമായ പ്രോട്ടോക്കോൾ നിലവിൽ വരും.
Tamil Thai Vazhthu to Be First in TN Assembly: Vijay’s Move Approved
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








