സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന് എൻഡിആർഎഫും (NDRF) പോലീസും ഉൾപ്പെടെയുള്ള രക്ഷാസേനകൾ പൂർണ്ണ സജ്ജമാണെന്ന് ഭരണകൂടം വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശക്തമായ മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവർ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്. തെക്കൻ ജില്ലകളിൽ നിലവിൽ മഴ കുറയാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റവന്യൂ മന്ത്രി സ്ഥിരീകരിച്ചു. ഇടുക്കിയിൽ രണ്ടുപേരും കോട്ടയത്ത് ഒരാളുമാണ് മരണപ്പെട്ടത്. ഇടുക്കി കൊടിയത്തൂർ വില്ലേജ് സുമതി (65), പീരുമേട് പ്രഭാകരൻ (77), കോട്ടയം സ്വദേശി ജോസഫ് ജോണി (26) എന്നിവരാണ് മരിച്ചത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കനത്ത മഴയിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ ഉണ്ടായത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് നിലവിലുള്ളത്. മറ്റ് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട വടശ്ശേരിക്കരയിൽ 24 മണിക്കൂറിനിടെ 302 മില്ലീമീറ്ററും ളാഹയിൽ 260 മില്ലീമീറ്ററും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലാണ് കളക്ടർമാർ അവധി നൽകിയത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
State is ready to face any situation; Rehabilitation activities will be expedited: Chief Minister
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





