വിന്നിപെഗിലെ നോർത്ത് എന്റിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു, ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗണ്ടൻ അവന്യൂവിലെ 500-ാം നമ്പർ ബ്ലോക്കിൽ രണ്ട് പേർക്ക് കുത്തേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പുലർച്ചെ 4 മണിയോടെയാണ് പൊലീസ് എത്തിയത്. എന്നാൽ നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുപേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
മേജർ ക്രൈംസ് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു WPS കോൺസ്റ്റ് ഡാനി മക്കിന്നൺ പറഞ്ഞു. രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ അതിക്രമം പ്രദേശം അടച്ചിട്ടിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 204-986-6219 എന്ന നമ്പറിൽ പോലീസിനെ വിളിക്കുകയോ 204-786-8477 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സ് വിളിക്കുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



