വാഷിങ്ടൺ : അമേരിക്കയിൽ 200 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപത്തിന് കളമൊരുക്കി ദക്ഷിണ കൊറിയ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പുതിയ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചത്. അതേസമയം, പദ്ധതിയുടെ ഭാഗമായുള്ള അലാസ്ക എൽ.എൻ.ജി പൈപ്പ്ലൈൻ കരാറിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. നവംബറിലെ മിഡ്ടേം തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
കരാറിന്റെ ഭാഗമായി എട്ട് വലിയ ആണവ നിലയങ്ങളുടെ നിർമ്മാണവും ടെക്സസിലെ പവർ പ്ലാന്റും ദക്ഷിണ കൊറിയ യാഥാർത്ഥ്യമാക്കും. ടെക്സസിലെ ഗ്യാസ് പവർ പ്രോജക്റ്റിനായി 22.3 ബില്യൺ ഡോളറും, എട്ട് ആണവ റിയാക്ടറുകൾക്കായി 120 ബില്യൺ ഡോളറുമാണ് വകയിരുത്തിയിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾക്കും സെമികണ്ടക്ടർ പ്ലാന്റുകൾക്കും ഊർജ്ജം ലഭ്യമാക്കാനാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.
അതേസമയം, 54 ബില്യൺ ഡോളർ ചെലവ് വരുന്ന അലാസ്ക പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതിയുടെ കാര്യത്തിൽ ദക്ഷിണ കൊറിയ സംശയം പ്രകടിപ്പിച്ചു. വാണിജ്യപരവും നിയമപരവുമായ കർശന വ്യവസ്ഥകൾ പാലിക്കപ്പെട്ടാൽ മാത്രമേ ഈ പദ്ധതിയുമായി മുന്നോട്ട് പോവുകയുള്ളൂവെന്ന് സിയോൾ വ്യക്തമാക്കി. പദ്ധതിയുടെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ച് ദക്ഷിണ കൊറിയൻ പ്രതിപക്ഷവും ആശങ്ക ഉയർത്തിയിട്ടുണ്ട്.
അലാസ്കയിൽ നിന്ന് ഏഷ്യൻ വിപണികളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതാണ് 807 മൈൽ നീളമുള്ള ഈ പൈപ്പ്ലൈൻ പദ്ധതി. എന്നാൽ ഉയർന്ന ചെലവും ഫണ്ടിംഗിലെ അനിശ്ചിതത്വവും കാരണം വർഷങ്ങളായി ഈ പദ്ധതി പ്രതിസന്ധിയിലാണ്. ജപ്പാന്റെ പ്രമുഖ ഇറക്കുമതിക്കാരായ ജെറയും ടോക്കിയോ ഗ്യാസും പദ്ധതിയിൽ നിന്ന് വാതകം വാങ്ങാൻ പ്രാരംഭ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഊർജ്ജ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനൊപ്പം സഖ്യരാഷ്ട്രങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനും ഈ നിക്ഷേപങ്ങൾ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. യു.എസിലെ ഉയർന്ന പെട്രോൾ വിലയും ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളും നിലനിൽക്കെ, സാമ്പത്തിക നേട്ടങ്ങൾ മുൻനിർത്തിയാണ് ട്രംപ് ഈ പ്രഖ്യാപനങ്ങൾ സജീവമാക്കിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




