ബെൽവിൽ: ഒന്റാറിയോയിലെ ബെൽവിൽ സൺസ് ഓഫ് ജേക്കബ് സിനഗോഗിന് സമീപം ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വിദ്വേഷ ആക്രമണമാണെന്ന് പോലീസ്. ആക്രമണം ആസൂത്രിതവും ലക്ഷ്യമിട്ടുള്ളതുമാണെന്ന് ബെൽവിൽ പോലീസ് മേധാവി മുറെ റോഡ് പറഞ്ഞു.

യോം കിപ്പൂർ ആചരണത്തിനിടെയാണ് സംഭവം. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആക്രമണം വിദ്വേഷ പ്രേരിതമാണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു. വെടിവയ്പ്പുമായി ബന്ധപ്പെട്ട 29-കാരനായ സീൻ വാർഡാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ കനേഡിയൻ സൈനികനായ ഇയാൾ 2022-ൽ സൈന്യത്തിൽനിന്ന് പുറത്തുപോയിരുന്നു.
സിനഗോഗിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ജെഫ് സ്മിത്തിന് വെടിയേറ്റു. 13 വർഷമായി ബെൽവിൽ പോലീസ് സർവീസിലുള്ള സ്മിത്ത് ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു.
ALSO READ: ‘ഇത് ഞങ്ങളെ നിശ്ശബ്ദരാക്കില്ല’; സിനഗോഗ് വെടിവയ്പ്പിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ്
പോലീസുമായുണ്ടായ വെടിവയ്പ്പിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച വാർഡ് പിന്നീട് മരണപ്പെട്ടു. ഇയാളുടെ കൈവശം ഷോട്ട്ഗണ്ണിന് പുറമെ മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ ദുരന്തം ഒഴിവാക്കാൻ പോലീസിന്റെ ഇടപെടൽ സഹായിച്ചതായി ജൂത സംഘടനയായ ബ്നായ് ബ്രിത്ത് പറഞ്ഞു. കാനഡയിലെ സിനഗോഗുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാ ജൂത സ്ഥാപനങ്ങളിലും മതിയായ പോലീസ് സാന്നിധ്യം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് സ്മിത്തിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Shooting Near Belleville Synagogue Targeted Jewish Community’








