കാൽഗറി: കാനഡയിൽ നിന്ന് വേർപിരിഞ്ഞ് പുതിയ രാജ്യമായി മാറിയാൽ ആൽബർട്ടയ്ക്ക് കനത്ത സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. വേർപിരിയൽ പ്രക്രിയയ്ക്ക് മാത്രം 50 ശതകോടി മുതൽ 170 ശതകോടി ഡോളർ വരെ ചെലവ് വരുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ സ്‌കൂൾ ഓഫ് പബ്ലിക് പോളിസി പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നത്. ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന നിർണ്ണായക ജനഹിതപരിശോധനയ്ക്ക് ഏഴ് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
വേർപിരിയൽ പ്രക്രിയ സുഗമമായി നടന്നാൽ പോലും ആദ്യ അഞ്ച് വർഷത്തിനുള്ളിൽ വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ചർച്ചകൾ നീളുകയും അന്തരീക്ഷം വഷളാവുകയും ചെയ്താൽ ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥ 16 ശതമാനത്തിലധികം ചുരുങ്ങുകയും തൊഴിലവസരങ്ങളിൽ വലിയ ഇടിവുണ്ടാവുകയും ചെയ്യും. കൂടാതെ, ഉയർന്ന നികുതി ചുമത്തിയാൽ പോലും സർക്കാർ പ്രതിവർഷം 30 ശതകോടി ഡോളറിലധികം ബജറ്റ് കമ്മി നേരിടേണ്ടി വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഫെഡറ സർക്കാരിന്റെ അധികാരപരിധിയിലുള്ള പദ്ധതികൾ സ്വന്തമായി ഏറ്റെടുക്കൽ, കനേഡിയൻ കടങ്ങളുടെയും ആസ്തികളുടെയും വിഭജനം, പുതിയ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കൽ എന്നിവ വലിയ സങ്കീർണ്ണതകൾ സൃഷ്ടിക്കും. വേർപിരിയൽ ഉണ്ടാക്കുന്ന വലിയ സാമ്പത്തിക ബാധ്യതകളും അനിശ്ചിതത്വങ്ങളും മനസ്സിലാക്കാൻ റെഫറണ്ടത്തിന് മുൻപായി എല്ലാ പൗരന്മാരും ഈ റിപ്പോർട്ട് വായിക്കണമെന്ന് ധനമന്ത്രി ജെയ്സൺ നിക്സൺ അഭ്യർത്ഥിച്ചു. ശക്തവും പരമാധികാരവുമുള്ള ആൽബർട്ടയെ ഐക്യ കാനഡയ്ക്കുള്ളിൽ നിലനിർത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









