ടോക്കിയോ: മിഡിലീസ്റ്റിലെ എണ്ണവിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞതോടെ വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണവില വീണ്ടും ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 1.24 ഡോളർ അഥവാ 1.2 ശതമാനം താഴ്ന്ന് ബാരലിന് 104.59 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ഫ്യൂച്ചേഴ്‌സ് 1.14 ഡോളർ അഥവാ 1.1 ശതമാനം ഇടിഞ്ഞ് 101.29 ഡോളറിലാണ് വ്യാപാരം നടത്തിയത്. ബുധനാഴ്ച ഇരു കരാറുകളും ഏകദേശം 3 ഡോളർ വീതം ഇടിഞ്ഞിരുന്നു.
ഒമാൻ വഴി അധിക ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ സൗദി അറേബ്യ തയ്യാറാകുന്നുവെന്ന റിപ്പോർട്ടാണ് വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് നേരിയ ആശ്വാസം നൽകിയത്. ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപം കപ്പലിൽ നിന്ന് കപ്പലിലേക്ക് എണ്ണ മാറ്റി ഏഷ്യൻ റിഫൈനറികൾക്ക് കൂടുതൽ ക്രൂഡ് എത്തിക്കാനാണ് സൗദി അറേബ്യയുടെ നീക്കം. സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ ആക്രമിക്കപ്പെട്ടതിനെ തുടർന്നുണ്ടായ ആഗോള വിതരണ ആഘാതം ഇതുവഴി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
നേരത്തെ സൗദിയിലെ ചെങ്കടൽ കയറ്റുമതി കേന്ദ്രമായ യൻബുവിൽ ക്രൂഡ് ഓയിൽ കയറ്റുന്നത് നിർത്തിവച്ചതായും യൂറോപ്യൻ ഉപഭോക്താക്കൾക്കുള്ള ചില എണ്ണക്കയറ്റുമതികൾ റിയാദ് റദ്ദാക്കിയതായും ഷിപ്പിങ് മേഖലയിലെ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഫെബ്രുവരി അവസാനം യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതോടെ സൗദിയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായി യൻബു മാറിയിരുന്നു. യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു.
കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിൽ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് സേവനം നൽകുന്ന രണ്ട് പമ്പിങ് സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇവയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് മൂന്ന് എണ്ണ, സുരക്ഷാ മേഖലാ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മിഡിലീസ്റ്റിലെ യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ തുടരുകയാണ്. സൗദി യുദ്ധവിമാനങ്ങൾ യെമനിൽ ശക്തമായ ആക്രമണം നടത്തിയതായും ഇറാൻ പിന്തുണയുള്ള ഹൂതി പോരാളികൾ സൗദി നഗരങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായും ഹൂതികൾ ബുധനാഴ്ച അറിയിച്ചു.
അതിനിടെ, യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (EIA) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച യുഎസ് ക്രൂഡ് ഓയിൽ ശേഖരത്തിൽ പ്രതീക്ഷിച്ചതിലും കുറവാണ് ഇടിവുണ്ടായത്. ലോകത്തെ ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യമായ യുഎസിലെ ക്രൂഡ് ശേഖരം ഏകദേശം 6.4 ലക്ഷം ബാരൽ കുറഞ്ഞു. റോയിട്ടേഴ്‌സ് നടത്തിയ ഊർജമേഖലാ വിദഗ്ധരുടെ അഭിപ്രായ സർവേയിൽ 1.62 കോടി ബാരലിന്റെ ഇടിവാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്തയാഴ്ച നടക്കുന്ന യുഎസ്-ചൈന ഉച്ചകോടിക്ക് മുന്നോടിയായി മധ്യപൂർവദേശത്തെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയും എണ്ണവിലയിലെ ഉയർച്ചയ്ക്ക് പരിധി നിശ്ചയിക്കുന്നതായി നിസാൻ സെക്യൂരിറ്റീസ് ഇൻവെസ്റ്റ്മെന്റിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് ഹിരോയുകി കികുകാവ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








