പരമ്പരാഗത വാങ്ങൽ-വിൽപന രീതികൾക്കപ്പുറം ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാനുള്ള റഷ്യയുടെ താൽപര്യത്തിന്റെ ഭാഗമായി അഞ്ചാം തലമുറ സുഖോയ് Su-57 സ്റ്റെൽത്ത് യുദ്ധവിമാനം ഇന്ത്യയുമായി ചേർന്ന് സംയുക്തമായി വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള ഓഫർ റഷ്യൻ പ്രസിഡന്റ് വ്ളാടിമിർ പുടിൻ പുതുക്കി. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി ഇന്ത്യ ടുഡേ ഗ്രൂപ്പ് എഡിറ്റർ ഗീതാ മോഹനോട് സംസാരിക്കവെയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. അത്യാധുനിക യുദ്ധവിമാനത്തിന്റെ കാര്യത്തിൽ സഹകരണത്തിന് റഷ്യ ഇപ്പോഴും തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ സൈനിക പങ്കാളിത്തത്തെ എടുത്തുപറയുകയും ചെയ്തു.
Su-57 വിമാനത്തിന്റെ സഹകരണത്തിനായുള്ള റഷ്യയുടെ ഓഫർ ഇപ്പോഴും നിലവിലുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് സോവിയറ്റ് കാലഘട്ടം തൊട്ടേ ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത സൈനിക-സാങ്കേതിക സഹകരണത്തിന്റെ ചരിത്രമുണ്ടെന്നും ഇന്ത്യൻ സായുധ സേനയുടെ വലിയൊരു ഭാഗം ഇപ്പോഴും റഷ്യൻ നിർമ്മിത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ വാങ്ങലിനപ്പുറം വികസിച്ചിട്ടുണ്ടെന്നും സംയുക്ത ഗവേഷണത്തിലും വികസനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിനെ വിജയകരമായ ഒരു ഉദാഹരണമായി ഉദ്ധരിച്ചുകൊണ്ട്, പദ്ധതിയിൽ തുടക്കം മുതൽ തന്നെ ഇന്ത്യയും റഷ്യയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് പുടിൻ ചൂണ്ടിക്കാട്ടി.
“ഇന്ത്യ കാലങ്ങളായി ഞങ്ങളിൽ നിന്ന് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാറുണ്ട്. Su-57 വളരെ മികച്ചൊരു യുദ്ധവിമാനമാണ്, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനികവും നിലവിൽ ഏറ്റവും കാര്യക്ഷമതയുള്ളതുമായ വിമാനമാണത്,” പുടിൻ പറഞ്ഞു. യുദ്ധവിമാനത്തിനായി റഷ്യ മുൻപ് ഒരു സംയുക്ത പദ്ധതി നിർദ്ദേശിച്ചിരുന്നതായും റഷ്യൻ പ്രസിഡന്റ് വെളിപ്പെടുത്തി. ഇത്തരം റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുമതി ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, ഇന്ത്യ എപ്പോഴും സ്വന്തം ദേശീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പരമാധികാര രാഷ്ട്രമാണെന്നാണ് പുടിൻ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉപരോധങ്ങളുടെ ഏതൊരു ഭീഷണിയും പെട്ടെന്ന് തന്നെ തിരിച്ചടിക്കുമെന്നും പുടിൻ വ്യക്തമാക്കുകയുണ്ടായി.
Russia ready to jointly produce Su-57 with India; Big offer from India
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




