ജനീവ: സൈബീരിയയിലെ രോഗ ഗവേഷണ കേന്ദ്രത്തിൽ 28 കാരിയായ ലാബ് ജീവനക്കാരി ഡാരിയ ഷിപിലോവ മരിച്ച സംഭവത്തിൽ റഷ്യയോട് ലോകാരോഗ്യ സംഘടന (WHO) കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു. ഇർകുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന ഇവർ ഒക്ടോബർ 2-നാണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. പ്ലേഗ് ബാധിച്ചാണ് മരണമെന്ന സംശയത്തെ തുടർന്നാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസി വിഷയത്തിൽ ഇടപെട്ടത്.
ന്യൂമോണിക് പ്ലേഗ് ബാധിച്ചാണ് യുവതി മരിച്ചതെന്ന രീതിയിൽ റഷ്യൻ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് വെറുമൊരു ശ്വാസകോശ രോഗമാണെന്നാണ് റഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ ഔദ്യോഗിക വിശദീകരണം. ഇതേ ലാബുമായി ബന്ധപ്പെട്ട് സമാന ലക്ഷണങ്ങളോടെ മറ്റൊരാൾക്ക് കൂടി രോഗം ബാധിച്ചെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യഥാർത്ഥ മരണകാരണം വ്യക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്.
സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർന്നതോടെ റഷ്യ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. മരിച്ച യുവതിയുമായി സമ്പർക്കത്തിൽ വന്ന ഇരുനൂറോളം പേരെ നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാക്കി. ലാബ് ജീവനക്കാരി താമസിച്ചിരുന്ന സ്ഥലങ്ങളിൽ ക്ലീനിംഗ് പൂർത്തിയാക്കി. എന്നാൽ നിലവിൽ പ്രദേശത്ത് മറ്റ് പ്ലേഗ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി.
Also Read: വിരമിക്കൽ കാലത്ത് പെൻഷൻ പണം തികയുമോ? പ്രായമായ കനേഡിയൻമാരിൽ ആശങ്കയേറുന്നതായി പഠനം
പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി കേസിന്റെ വിവരങ്ങൾ റഷ്യ വ്യക്തമായി പുറത്തുവിടണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. മാരകമായ ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിക് പ്ലേഗ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരാൻ സാധ്യതയുള്ള രോഗമാണ്. എന്നാൽ നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ആരോഗ്യ ഭീഷണികൾ ഒന്നുമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





