കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണ പരമ്പരയിൽ ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലും ഒഡെസ മേഖലയിലും ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ച വിവരം യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിയുന്നതിനും മറ്റ് വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമുള്ള നടപടികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഊർജ്ജിതമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ആക്രമണം ചൊവ്വാഴ്ചയും അതിശക്തമായി തുടരുകയായിരുന്നു. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ആൻ്റി-റഡാർ മിസൈലുകൾ, ഡെക്കോയ്കൾ എന്നിവയ്ക്കൊപ്പം 218 ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ യുക്രെയ്ൻ നഗരങ്ങളെ ആക്രമിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കി. വിന്യസിക്കപ്പെട്ട ഡ്രോണുകളിൽ മൂന്നിലൊന്ന് അത്യാധുനിക ജെറ്റ് എൻജിൻ കരുത്തുള്ളവയായിരുന്നു എന്നത് ആക്രമണത്തിൻ്റെ പ്രഹരശേഷി വർധിപ്പിച്ചു. തുടർച്ചയായ ആറാം ദിവസമാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിനു നേരെ ഇത്തരത്തിൽ രൂക്ഷമായ മിസൈൽ-ഡ്രോൺ വർഷമുണ്ടാകുന്നത്.
ആക്രമണത്തിൽ നിരവധി പാർപ്പിട സമുച്ചയങ്ങളും ജനവാസ കേന്ദ്രങ്ങളിലെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടു. കീവിലെ ഒരു റെയിൽവേ ഡിപ്പോ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ മാത്രം ഏഴുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സെലെൻസ്കി എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. തകർന്നുവീണ ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും അവർക്കായുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Russia Airstrike in Ukraine: Indian Among 12 Dead
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




