ടോറന്റോ: ടോറന്റോയിലുണ്ടായ ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിലും മഴയിലും നഗരത്തിലെ പ്രമുഖ വിനോദ വേദിയായ റോജേഴ്സ് സ്റ്റേഡിയത്തിന് വൻ നാശനഷ്ടം സംഭവിച്ചു. ബുധനാഴ്ച രാത്രി ആഞ്ഞടിച്ച കൊടുങ്കാറ്റിൽ സ്റ്റേഡിയത്തിലെ ഗാലറികളും താൽക്കാലിക നിർമ്മിതികളും തകർന്നു വീണു. പ്രമുഖ ഓൺലൈൻ മാധ്യമമായ സിപി24 / സിടിവി ന്യൂസിന്റെ ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ സ്റ്റേഡിയത്തിലെ സീറ്റുകളുടെ നിരകൾ തകർന്നടിഞ്ഞ നിലയിലും അവശിഷ്ടങ്ങൾ മൈതാനത്തുടനീളം ചിതറിക്കിടക്കുന്ന നിലയിലുമാണ്.
സ്റ്റേഡിയത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന കൂറ്റൻ ടെന്റുകളും താൽക്കാലിക ഘടനകളും കാറ്റിൽ പറന്നുപോയി. എന്നാൽ, അപകട സമയത്ത് ജീവനക്കാർക്കോ കരാറുകാർക്കോ പരിക്കേറ്റിട്ടില്ലെന്ന് സ്റ്റേഡിയം അധികൃതർ ഇമെയിൽ സന്ദേശത്തിലൂടെ അറിയിച്ചു.
സെപ്റ്റംബർ 16-ന് പ്രശസ്ത റോക്ക് ബാൻഡായ AC/DC-യുടെ സംഗീതനിശ നടക്കാനിരിക്കെയാണ് ഈ വൻ ദുരന്തം ഉണ്ടായത്.
50,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ നിശ്ചയിച്ച പ്രകാരം പരിപാടി നടത്താനാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. “ശക്തമായ കാലാവസ്ഥയെത്തുടർന്ന് സ്റ്റേഡിയത്തിന് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. നിലവിൽ നഷ്ടത്തിന്റെ തോത് വിലയിരുത്തി വരികയാണ്,” എന്ന് അധികൃതർ വ്യക്തമാക്കി.
മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിച്ച കാറ്റും ഗോൾഫ് പന്തിന്റെ വലുപ്പത്തിലുള്ള ആലിപ്പഴ വീഴ്ചയും ടോറന്റോ നഗരത്തെ പിടിച്ചുലച്ചു. പ്രകൃതിക്ഷോഭത്തിൽ നഗരത്തിലുടനീളം വ്യാപക വെള്ളപ്പൊക്കവും മരംവീഴ്ചയും വൈദ്യുത തടസ്സവും ഉണ്ടായി. 65,000-ത്തിലധികം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
Also Read: വടക്കേ അമേരിക്കയിൽ നികുതി ഏറ്റവും കൂടുതൽ ക്യുബെക്കിലോ? സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ ഇങ്ങനെ
ഡിവിപി (DVP), ഗാർഡിനർ എക്സ്പ്രസ് വേ തുടങ്ങിയ പ്രധാന പാതകൾ വെള്ളത്തിനടിയിലായതോടെ നിരവധിയാളുകൾ വാഹനങ്ങളിൽ കുടുങ്ങി. ഇവരെ പിന്നീട് അടിയന്തര രക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ടോർനാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പും പരിസ്ഥിതി മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശവും വന്നതോടെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









