ക്യുബെക്: ക്യുബെക്കിൽ റെസ്റ്റോറന്റുകളിലെയും ബാറുകളിലെയും ടിപ്പിംഗ് രീതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതികൾ വർധിക്കുന്നു. നികുതി ഒഴിവാക്കിയുള്ള ഭക്ഷണത്തിന്റെ യഥാർത്ഥ വിലയിൽ മാത്രമേ ടിപ്പ് കണക്കാക്കാവൂ എന്ന നിയമം നിലവിലുണ്ടെങ്കിലും, പ്രമുഖ നഗരങ്ങളിലെ അഞ്ഞൂറിലധികം സ്ഥാപനങ്ങൾ ഇത് ലംഘിക്കുന്നതായാണ് കണ്ടെത്തൽ. 2025 മേയിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം പാലിക്കാത്തതിനെ തുടർന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
കോവിഡ് കാലത്തിന് ശേഷം ടിപ്പിംഗ് തുകയിൽ അനാവശ്യമായ വർധനവുണ്ടാകുന്നത് തടയാനാണ് ക്യുബെക് ഭരണകൂടം പുതിയ പരിഷ്കാരം കൊണ്ടുവന്നത്. എന്നാൽ, ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം 531 പരാതികളാണ് നികുതി ചേർത്ത ശേഷമുള്ള തുകയിൽ ടിപ്പ് ഈടാക്കിയതുമായി ബന്ധപ്പെട്ട് ലഭിച്ചത്. കാർഡ് മെഷീനുകളിൽ ടിപ്പ് സെലക്ട് ചെയ്യുമ്പോൾ കുറഞ്ഞ തുകയും കൂടിയ തുകയും ഒരേപോലെ ഉപഭോക്താവിന് കാണാൻ കഴിയണം. വലിയ തുകകൾ മാത്രം കാണിച്ചുകൊണ്ട് ആളുകളെക്കൊണ്ട് നിർബന്ധപൂർവ്വം കൂടുതൽ പണം നൽകിപ്പിക്കുന്ന രീതി പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിയമം ലംഘിച്ച 200 ഓളം ബിസിനസ് സ്ഥാപനങ്ങൾക്ക് നിലവിൽ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാങ്കേതികമായ തടസ്സങ്ങളാണ് നിയമം നടപ്പിലാക്കാൻ വൈകുന്നതെന്നാണ് പല വ്യാപാരികളുടെയും വിശദീകരണം. എന്നാൽ വീണ്ടും നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്താനാണ് അധികൃതരുടെ തീരുമാനം. ടിപ്പ് നൽകുക എന്നത് ഉപഭോക്താവിന്റെ പൂർണ്ണമായ താല്പര്യമാണെന്നും, ബില്ലിലെ മൊത്തം തുക പരിശോധിച്ച ശേഷം മാത്രം പണമടയ്ക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Be careful before paying the bill! Restaurants in Quebec are changing the way they charge tips; be careful




