ലയണൽ മെസ്സിയും അർജന്റീന ദേശീയ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA). റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായി (RBC) ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും തർക്കങ്ങൾക്ക് പകരം ഒത്തുതീർപ്പിനാണ് തങ്ങൾ താല്പര്യപ്പെടുന്നതെന്നും വ്യക്തമാക്കി എഎഫ്എ ഇ-മെയിൽ അയച്ചു. ഫുട്ബോൾ മത്സരത്തിനായി മറ്റൊരു തീയതി നിശ്ചയിക്കാൻ തയ്യാറാണെന്നും, കേരള സന്ദർശനത്തിനായി വീണ്ടും ചർച്ചകൾ ആരംഭിക്കാമെന്നും എഎഫ്എ സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അർജന്റീന ടീമിന്റെ കേരള സന്ദർശനത്തെച്ചൊല്ലി ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായി കായിക വകുപ്പിന്റെ അനുമതിയോടെ ഒപ്പുവെച്ച ഔദ്യോഗിക കരാറിന്റെ വിവരങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടു. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ ഫിഫ റാങ്കിങ്ങിൽ ആദ്യ 50-ന് ഉള്ളിലുള്ള ടീമുകളാകും അർജന്റീനയുടെ എതിരാളികളെന്ന് കരാറിലുണ്ട്. 2024-ൽ ആർബിസി എംഡി ആന്റോ അഗസ്റ്റിനും എഎഫ്എ പ്രസിഡന്റ് ക്ലൗഡിയോ ഫാബിയൻ ടാപ്പിയോ, ജനറൽ സെക്രട്ടറി വിക്ടർ ബ്ലാങ്കോ റോഡ്രിഗസ് എന്നിവരും തമ്മിൽ ഒപ്പുവെച്ച ഈ കരാർ വ്യാജമാണെന്ന പ്രചാരണങ്ങളെ തള്ളുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മെസ്സി വിവാദവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. എഎഫ്എയുമായുള്ള കരാർ നീക്കങ്ങളിൽ സർക്കാരിനോ പൊതുജനങ്ങൾക്കോ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും, കമ്പനിക്ക് സംഭവിച്ച 126 കോടി രൂപയുടെ നഷ്ടം വീണ്ടെടുക്കാൻ നിയമപോരാട്ടം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം രാഷ്ട്രീയമായും ഭരണപരമായും വലിയ ചർച്ചയായി മാറിയ സാഹചര്യത്തിലാണ് പുതിയ തീയതി നിശ്ചയിച്ച് മുന്നോട്ടുപോകാമെന്ന നിർദേശവുമായി എഎഫ്എ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Reporter releases contract documents with AFA; moves to set new date
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




