ഹാലിഫാക്സ്: കാനഡയിൽ വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കാറായ വിദേശ തൊഴിലാളികൾക്ക് ആശ്വാസമേകി നോവാ സ്കോഷ്യ പ്രവിശ്യ പുതിയ ഇമിഗ്രേഷൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രവിശ്യയുടെ ഔദ്യോഗിക കുടിയേറ്റ പദ്ധതിയായ ‘നോവാ സ്കോഷ്യ നോമിനി പ്രോഗ്രാം’ (NSNP) വഴി അർഹരായ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള പ്രവിശ്യാ നോമിനേഷന് അപേക്ഷിക്കാനുള്ള പ്രത്യേക ക്ഷണമാണ് സർക്കാർ നൽകുന്നത്. ജൂലൈ 14-ന് വെബ്സൈറ്റിൽ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, 2026-ലോ അതിന് മുമ്പോ വർക്ക് പെർമിറ്റ് കാലാവധി തീരുന്നവർക്കും, 2026 ജൂൺ 30-ന് മുമ്പ് താല്പര്യപത്രം (EOI) സമർപ്പിച്ചവർക്കുമാണ് ഈ അവസരം ലഭിക്കുക. കാനഡയിലെ താമസം നിയമപരമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഈ നടപടി വലിയ തണലാകും.
പ്രത്യേക തിരഞ്ഞെടുപ്പിലൂടെ അർഹരായ ഉദ്യോഗാർത്ഥികളെ പ്രവിശ്യാ ഭരണകൂടം നേരിട്ട് ബന്ധപ്പെടും. അപേക്ഷകൾ പരിശോധിക്കുമ്പോൾ വർക്ക് പെർമിറ്റിന്റെ കാലാവധി കഴിയുന്ന തീയതിക്ക് മുൻഗണന നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മണിക്കൂറിൽ 27 ഡോളറോ അതിലധികമോ വേതനം വാങ്ങുന്നവർ, സെയിൽസ്-സർവീസ് മേഖലകളിൽ മണിക്കൂറിൽ 20 ഡോളറിലധികം വരുമാനമുള്ളവർ, ഹാലിഫാക്സിന് പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും. കൂടാതെ നോവാ സ്കോഷ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കും കൃഷി, നിർമ്മാണം, ആരോഗ്യം, സാമൂഹിക സേവനം, ഗതാഗതം, ഉത്പാദനം തുടങ്ങിയ പ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.
ഈ പദ്ധതി വഴി പ്രവിശ്യാ നോമിനേഷൻ ലഭിക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ ഇമിഗ്രേഷൻ വകുപ്പിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാം. നോമിനേഷൻ ലഭിച്ച ശേഷം സ്ഥിരതാമസ അപേക്ഷ സമർപ്പിക്കുന്നവർക്ക് കാനഡയിൽ തുടർന്ന് ജോലി ചെയ്യുന്നതിനായി ‘ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ്’ (BOWP) വേഗത്തിൽ സ്വന്തമാക്കാനും പുതിയ ഇളവുകളിലൂടെ സാധിക്കും. ക്രിമിനൽ പശ്ചാത്തലമോ മറ്റ് നിയമതടസ്സങ്ങളോ ഇല്ലാത്തവർക്കായിരിക്കും ഈ ആനുകൂല്യം. മാനിറ്റോബ പ്രവിശ്യയും സമാനമായ രീതിയിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ദീർഘിപ്പിച്ചു നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നോവാ സ്കോഷ്യയും വിദേശ തൊഴിലാളികൾക്ക് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Relief for those with expiring work permits; Nova Scotia introduces new immigration benefits.






