ഓട്ടവ: കാൻസർ രോഗികളിൽ കണ്ടുവരുന്ന കടുത്ത ക്ഷീണം (Cancer-Related Fatigue) കുറയ്ക്കുന്നതിനായുള്ള ‘Redsenol-1 Plus’ എന്ന പ്രകൃതിദത്ത മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് ‘ഹെൽത്ത് കാനഡ’യുടെ അംഗീകാരം. കാനഡയിലെ റിച്ച്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാനഡ റോയൽ ഈനോക് ഫൈറ്റോമെഡിസിൻ (Canada Royal Enoch Phytomedicine) കമ്പനിയാണ് ഈ വാർത്ത പുറത്തുവിട്ടത്. പഠനരീതിയിൽ വരുത്തിയ ഭേദഗതികൾ പരിശോധിച്ച ഹെൽത്ത് കാനഡ, പുതിയ ഗവേഷണ ചട്ടക്കൂടനുസരിച്ച് പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാൻ എതിർപ്പില്ലാ രേഖ നൽകുകയായിരുന്നു. കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ കാൻസർ ചികിത്സകൾക്ക് വിധേയരാകുന്ന രോഗികളിലെ ക്ഷീണം ദീർഘകാലം നിലനിൽക്കാറുള്ളതിനാൽ ഈ പരീക്ഷണം ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്.
2022-ലാണ് ഈ മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. നിലവിൽ സജീവമായി തുടരുന്ന പരീക്ഷണത്തിൽ ചില പങ്കാളികൾ പഠനം പൂർത്തിയാക്കുകയും ഇതിലൂടെ പ്രധാനപ്പെട്ട സാങ്കേതിക വിവരങ്ങൾ ഗവേഷകർക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. രോഗികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായാണ് നിലവിൽ പഠനരീതികളിൽ മാറ്റം വരുത്തിയത്. ഹെൽത്ത് കാനഡയുടെ പുതിയ അംഗീകാരത്തോടെ കൂടുതൽ കാൻസർ രോഗികൾക്ക് ഈ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ അവസരം ലഭിക്കും. പരീക്ഷണത്തിന് വിധേയമാക്കുന്ന Redsenol-1 Plus, ജിൻസെങ് (Ginseng) എന്ന സസ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന 16 അപൂർവ ഘടകങ്ങൾ അടങ്ങിയ വായിലൂടെ കഴിക്കാവുന്ന മരുന്നാണിത്. അമേരിക്കൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മരുന്ന് പട്ടികയിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read : കാനഡ പൗരത്വം വേണമെങ്കിൽ 3 വർഷം കാത്തിരിക്കണം; പ്രതിസന്ധിയിലായി ലക്ഷക്കണക്കിന് ആളുകൾ
കാൻസർ രോഗികൾ നേരിടുന്ന കടുത്ത ക്ഷീണം പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ലെന്നും, ഈ പരീക്ഷണത്തിന് ഹെൽത്ത് കാനഡ നൽകിയ അംഗീകാരം ഗവേഷണത്തിലെ പ്രധാന ഘട്ടമാണെന്നും കമ്പനി സി.ഇ.ഒ ഡോ. പെയ്ഹുവ യൂ വ്യക്തമാക്കി. പ്രകൃതിദത്ത സസ്യാധിഷ്ഠിത മരുന്നുകളുടെ ഉൽപ്പാദനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രമുഖ ബയോടെക്നോളജി കമ്പനിയാണ് കാനഡ റോയൽ ഈനോക് ഫൈറ്റോമെഡിസിൻ. അന്താരാഷ്ട്ര തലത്തിലുള്ള ClinicalTrials.gov വെബ്‌സൈറ്റിൽ NCT05664009 എന്ന നമ്പറിൽ ഈ ഗവേഷണ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ സമാഹരിക്കാനാണ് ഗവേഷണ സംഘത്തിന്റെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Fatigue in cancer patients can be overcome; Health Canada gives the green light for the 'Redsenol-1 Plus' trial.









