സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ലബ്രഡോർ തീരങ്ങളിൽ പ്രകൃതിയുടെ വിസ്മയക്കാഴ്ചയൊരുക്കി മഞ്ഞുപർവ്വതങ്ങളുടെ (Icebergs) വസന്തകാലം സജീവമാകുന്നു. പതിനായിരക്കണക്കിന് വർഷം പഴക്കമുള്ള ഈ ഹിമശൈലങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഇപ്പോൾ സെന്റ് ജോൺസിലെ സിഗ്നൽ ഹിൽ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റെക്കോർഡ് എണ്ണം മഞ്ഞുപർവ്വതങ്ങളാണ് തീരത്തോട് അടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ സെന്റ് ജോൺസിലെ പ്രശസ്തമായ സിഗ്നൽ ഹിൽ കുന്നിൻ മുകളിൽ എത്തിയ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ലഭിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നു. ലാബ്രഡോർ ശീതജലപ്രവാഹത്തിൽ ഒഴുകിയെത്തിയ കൂറ്റൻ മഞ്ഞുപർവ്വതം കുന്നിന് താഴെയുള്ള സമുദ്രത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ഹർഷാരവങ്ങളോടെയാണ് സന്ദർശകർ സ്വീകരിച്ചത്. ഗ്രീൻലൻഡ് ഗ്ലേഷിയറുകളിൽ നിന്ന് അടർന്നുമാറി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവ കാനഡയുടെ കിഴക്കൻ തീരത്തെത്തുന്നത്. സൂര്യപ്രകാശമേറ്റ് വെള്ളി നിറത്തിലും നീല കലർന്ന പച്ചനിറത്തിലും തിളങ്ങുന്ന ഈ ഹിമശൈലങ്ങളുടെ ദൃശ്യം ക്യാമറകളിൽ പകർത്താൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കനേഡിയൻ ഐസ് സർവീസിന്റെ കണക്കുകൾ പ്രകാരം ഇത്തവണ മഞ്ഞുപർവ്വതങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 426 മഞ്ഞുപർവ്വതങ്ങളാണ് കണ്ടെത്തിയതെങ്കിൽ ഇത്തവണ അത് 520 കടന്നു. സാധാരണഗതിയിൽ ഈ സീസണിൽ ശരാശരി 274 ഐസ് ബർഗുകൾ മാത്രമാണ് കാണാറുള്ളത്. വടക്കുകിഴക്കൻ കാറ്റിന്റെ ഗതിയും സമുദ്രപ്രവാഹങ്ങളും അനുകൂലമായതാണ് ഇത്തവണ ഇവ കരയോട് ഇത്രയധികം അടുക്കാൻ കാരണമായതെന്ന് സീനിയർ മെറ്റീരിയോളജിസ്റ്റ് ജോർജ്ജ് കാരഗാനിസ് വ്യക്തമാക്കി. പതിനായിരത്തിലേറെ വർഷം പഴക്കമുള്ള ഐസ് ക്രിസ്റ്റലുകൾ രുചിച്ചു നോക്കാനുള്ള അവസരവും ബോട്ട് ടൂറുകളിൽ വിനോദസഞ്ചാരികൾക്ക് ലഭിക്കുന്നുണ്ട്.
ന്യൂഫൗണ്ട്‌ലാൻഡ് തീരങ്ങളിലെ ടൂറിസത്തിന് ഈ മഞ്ഞുപർവ്വതങ്ങൾ വലിയ കരുത്താണ് നൽകുന്നത്. ട്വില്ലിംഗേറ്റ് (Twillingate) പോലുള്ള നഗരങ്ങൾ ‘ലോകത്തിന്റെ ഐസ് ബർഗ് തലസ്ഥാനം’ എന്നാണ് അറിയപ്പെടുന്നത് തന്നെ. എന്നാൽ ഭാവിയിൽ ഈ കാഴ്ചകൾ ഇല്ലാതാകുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. ആഗോളതാപനം മൂലം സമുദ്രജലത്തിന്റെ താപനില വർദ്ധിക്കുന്നത് മഞ്ഞുപാളികൾ വേഗത്തിൽ ഉരുകിപ്പോകാൻ കാരണമാകുമെന്ന് സി-കോറിലെ (C-CORE) ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിലെ മഞ്ഞുപാളികളുടെ സാന്ദ്രത കുറയുന്നത് ഐസ് ബർഗുകളുടെ ആയുസ്സിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ഗ്രീൻലൻഡിൽ നിന്ന് യാത്ര തിരിച്ച് ഏകദേശം മൂന്ന് വർഷത്തോളം സമയമെടുത്താണ് ഒരു മഞ്ഞുപർവ്വതം ന്യൂഫൗണ്ട്‌ലാൻഡ് തീരത്തെത്തുന്നത്. പ്രകൃതിയുടെ ഈ അപൂർവ്വ പ്രതിഭാസം ആസ്വദിക്കാനായി വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Record snowfall in Newfoundland
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




