ഇൻഡോർ : ട്രെയിൻ യാത്രക്കാർക്ക് വിശക്കുമ്പോൾ അടുത്ത സ്റ്റേഷൻ വരുന്നത് വരെ കാത്തിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വണ്ടി ഓടിക്കുന്ന ലോക്കോ പൈലറ്റിന് വിശന്നാലോ? സംശയം വേണ്ട, വണ്ടി നേരെ തട്ടുകടയ്ക്ക് മുന്നിൽ അങ്ങ് സൈഡാക്കും. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും അംബേദ്കർ നഗറിലേക്ക് പോയ ഡെമു ട്രെയിനിലെ ലോക്കോ പൈലറ്റാണ് ചൂടുപറക്കുന്ന സമൂസ വാങ്ങാൻ ട്രെയിൻ റെയിൽവേ ട്രാക്കിൽ നിർത്തി മാസ്സ് കാണിച്ചത്. സംഗതി സോഷ്യൽ മീഡിയയിൽ വൈറലായതോടെ, സമൂസ ചേട്ടന് പണി കൊടുക്കാൻ റെയിൽവേ ഇപ്പോൾ അന്വേഷണവുമായി പിന്നാലെ കൂടിയിട്ടുണ്ട്.
രംഗവാസ റോഡ് പരിസരത്തെ ഒരു ചെറിയ കടയ്ക്ക് മുന്നിലാണ് കോടികൾ വിലമതിക്കുന്ന ട്രെയിൻ പൈലറ്റ് നിർത്തുന്നത്. വീഡിയോയിൽ കണ്ട കാഴ്ച കണ്ട് നെറ്റിസൺസ് പോലും ഒന്ന് അമ്പരന്നു; സിഗ്നലോ സ്റ്റേഷനോ ഇല്ലാത്ത സ്ഥലത്ത് ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു, ലോക്കോ പൈലറ്റ് കൂളായി ഇറങ്ങിച്ചെന്ന് ചൂടുള്ള സമൂസ വാങ്ങി ട്രെയിനിലേക്ക് തിരികെ കയറുന്നു! ലോക്കൽ ബസുകൾ റൂട്ടിൽ ആളുകളെ കയറ്റാൻ നിർത്തുന്നത് പോലെയാണ് ട്രെയിൻ ഇവിടെ കിടന്നതെന്നാണ് വീഡിയോ കണ്ടവർ തമാശയായി പറയുന്നത്. കുറ്റം പറയരുതല്ലോ, വണ്ടി നിർത്തിയ നേരം കൊണ്ട് കടക്കാരൻ സ്പീഡിൽ സമൂസ പാക്ക് ചെയ്തു നൽകുകയും ചെയ്തു.
ഇൻഡോർ – മൗ റൂട്ടിൽ യാത്ര ചെയ്യുന്നവർക്കും അവിടുത്തെ പ്രദേശവാസികൾക്കും ഈ ‘സമൂസ സ്റ്റോപ്പ്’ അത്ര പുതിയ കാര്യമല്ലെന്നാണ് ലഭിക്കുന്ന വിവരം. പലപ്പോഴും ഈ ഡെമു ട്രെയിൻ ഇവിടെ മിനിറ്റുകളോളം നിർത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ലോക്കോ പൈലറ്റ് പതിവായി ഇവിടെ വണ്ടി നിർത്തി കടയിൽ നിന്ന് സ്നാക്ക്സ് വാങ്ങാറുണ്ടെന്നും, അതിന് ശേഷമേ വണ്ടി മുന്നോട്ട് എടുക്കാറുള്ളൂ എന്നുമാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. റെയിൽവേ ടൈം ടേബിളിൽ ഇല്ലാത്ത ഈ തട്ടുകട സ്റ്റോപ്പ് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
വീഡിയോ വൈറലായതോടെ വെറും വയറുമായി ഇരിക്കാൻ റെയിൽവേ അധികൃതർക്ക് കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ മുകേഷ് കുമാർ അറിയിച്ചു. തക്കതായ കാരണമോ സിഗ്നലോ ഇല്ലാതെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ട്രെയിൻ നിർത്തുകയും കാബിൻ വിട്ടിറങ്ങുകയും ചെയ്തതായി തെളിഞ്ഞാൽ പൈലറ്റിനെതിരെ കർശനമായ നടപടിയുണ്ടാകും. എന്തായാലും കഴിച്ച സമൂസയുടെ വിലയേക്കാൾ വലിയ വില പൈലറ്റ് കൊടുക്കേണ്ടി വരുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചോദ്യം.
Railways to give ‘hot work’ to loco pilot who stopped train and went to shop for samosa because he loved it! Video goes viral!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





