ഒന്റാരിയോ ; ആദ്യകാലങ്ങളിൽ ഒന്റാരിയോയെ അപേക്ഷിച്ച് ക്യുബെക്കിലെ ഗ്രാമീണ മേഖലകൾ സാമ്പത്തികമായി പിന്നിലായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ക്യുബെക്കിന്റെ പ്രാദേശിക മേഖലകൾ ഒന്റാരിയോയുമായുള്ള തങ്ങളുടെ സാമ്പത്തിക വിടവ് വിജയകരമായി നികത്തിയതായാണ് പുതിയ പഠന റിപ്പോർട്ടുകൾ. എന്നാൽ പ്രധാന നഗരങ്ങളായ മൊൺട്രിയാലും ടൊറന്റോയും തമ്മിലുള്ള സാമ്പത്തിക അന്തരം മാറ്റമില്ലാതെ തുടരുകയാണ്. പ്രമുഖ ഗവേഷണ സ്ഥാപനമായ ‘ഇൻസ്റ്റിറ്റ്യൂട്ട് ഡു ക്യുബെക്’ അടുത്തിടെ പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
പ്രധാന നഗരങ്ങളായ ടൊറന്റോയെയും മൊൺട്രിയാലിനെയും ഒഴിവാക്കി പരിശോധിച്ചപ്പോൾ, 2011-ൽ ഒന്റാരിയോയിലെ ഒരാളുടെ ശരാശരി വരുമാനത്തിന്റെ 91 ശതമാനം മാത്രമായിരുന്നു ക്യുബെക്കിലെ ഗ്രാമപ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ 2022 ആയപ്പോഴേക്കും ഇത് 99 ശതമാനമായി ഉയർന്നു. ഈ പ്രദേശങ്ങളുടെ വികസനത്തിലൂടെയാണ് ക്യുബെക് ഈ നേട്ടം കൈവരിച്ചത്.
അതേസമയം, മൊൺട്രിയാലിന് മുന്നേറാൻ കഴിഞ്ഞിട്ടില്ല. മൊൺട്രിയാലിലെ ആളോഹരി വരുമാനം ഇപ്പോഴും ടൊറന്റോയുടെ 80 ശതമാനം മാത്രമാണ്. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ നിന്നുള്ള വലിയ സാമ്പത്തിക വരുമാനമാണ് ടൊറന്റോയെ മുന്നിൽ നിർത്തുന്നത്. മൊൺട്രിയാലിന്റെ വളർച്ച മോശമായതുകൊണ്ടല്ല ഈ വ്യത്യാസമെന്ന് സാമ്പത്തിക വിദഗ്ധനായ ഴാങ്-ബാപ്റ്റിസ്റ്റ് വല്ലന്റിൻ-ദുലാക് വ്യക്തമാക്കുന്നു.
Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ
ഉയർന്ന കഴിവുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്ന രീതിയിൽ കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ മൊൺട്രിയാലും ടൊറന്റോയും തമ്മിലുള്ള ഈ സാമ്പത്തിക അകലം ഭാവിയിൽ ഇനിയും കൂടുമെന്നാണ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്. നയങ്ങളിൽ സമയബന്ധിതമായി മാറ്റം വരുത്തിയാൽ മാത്രമേ മൊൺട്രിയാലിന് സാമ്പത്തിക വളർച്ചയിൽ ടൊറന്റോയ്ക്ക് ഒപ്പമെത്താൻ സാധിക്കൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





