ക്യുബെക്: തിരഞ്ഞെടുപ്പ് പ്രചാരണം നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ ജീവിതച്ചെലവും വിലക്കയറ്റവും മുഖ്യ ചർച്ചാവിഷയമാക്കി പ്രധാന രാഷ്ട്രീയ കക്ഷികൾ. ഫ്രഞ്ച് ഭാഷാ സംരക്ഷണം മുൻനിർത്തി ബിൽ 101 വ്യാപിപ്പിക്കുമെന്ന് പാർട്ടീ ക്യുബെക്കോ (പി.ക്യു) പ്രഖ്യാപിച്ചപ്പോൾ, മറ്റ് കക്ഷികളെല്ലാം സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള വാഗ്ദാനങ്ങളുമായാണ് രംഗത്തെത്തിയത്.
2030-ഓടെ സംസ്ഥാന ബജറ്റ് കമ്മി നികത്തി സന്തുലിതാവസ്ഥയിലെത്തിക്കുമെന്ന് കോലിഷൻ അവനീർ ക്യുബെക് (സി.എ.ക്യു) നേതാവ് ക്രിസ്റ്റിൻ ഫ്രെഷെറ്റ് വ്യക്തമാക്കി. അടുത്ത നാല് വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കായി ഏകദേശം 1000 കോടി ഡോളർ ചെലവഴിക്കേണ്ടിവരുമെന്ന് അവർ അറിയിച്ചു. മുതിർന്നവർക്കുള്ള ഭവന പദ്ധതികൾക്കും ഹോം കെയർ സേവനങ്ങൾക്കുമായി 100 കോടി ഡോളറും വിവിധ പ്രദേശങ്ങളുടെ വികസനത്തിനായി 30.4 കോടി ഡോളറും നൽകും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫ് വെല്ലുവിളികളെ അതിജീവിച്ച് പൊതു അടിസ്ഥാന സൗകര്യ വികസനം തുടരുമെന്നും ബജറ്റ് സന്തുലിതാവസ്ഥ കൈവരിക്കുന്നതുവരെ പുതിയ നികുതി ഇളവുകൾ ഉണ്ടാകില്ലെന്നും പാർട്ടി വ്യക്തമാക്കി.
ഭവന പ്രതിസന്ധിയെ സി.എ.ക്യു ഗൗരവമായി കാണുന്നില്ലെന്ന് കുറ്റപ്പെടുത്തി ക്യുബെക് സോളിഡെയർ (ക്യു.എസ്) പുതിയ ഭവന പദ്ധതി പുറത്തിറക്കി. വാടക യൂണിറ്റുകളുടെ ദേശീയ രജിസ്ട്രി രൂപീകരിക്കുക, കുടിയൊഴിപ്പിക്കലുകൾ നിയന്ത്രിക്കുക, അനധികൃത എയർബിൻബികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നിവയുൾപ്പെടെ ഏഴ് പ്രധാന നിർദ്ദേശങ്ങളാണ് പാർട്ടി മുന്നോട്ടുവെച്ചത്. കൂടാതെ ഭവനരഹിതരായവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയ തന്ത്രം രൂപീകരിക്കുമെന്നും ക്യു.എസ് കോ-സ്പോർക്സപേഴ്സൺ റുബ ഗസൽ അറിയിച്ചു.
സ്വകാര്യ സീനിയർ റെസിഡൻസുകളിലെ (ആർ.പി.എ) വാടക വർദ്ധനവിന് പരിധി ഏർപ്പെടുത്തുമെന്ന് ക്യുബെക് ലിബറൽ പാർട്ടി (പി.എൽ.ക്യു) നേതാവ് ചാൾസ് മിലിയാർഡ് വാഗ്ദാനം ചെയ്തു. വാടക വർദ്ധനവ് നടപ്പിലാക്കുമ്പോൾ അതിനുള്ള തെളിവുകൾ ഹാജരാക്കേണ്ട ഉത്തരവാദിത്തം താമസക്കാരിൽ നിന്ന് മാറ്റി ആർ.പി.എകളുടെമേൽ ചുമത്തുന്നതാണ് പുതിയ നയം. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രായമായവർക്കായുള്ള ഇത്തരം സ്ഥാപനങ്ങളിലെ വാടക 18 ശതമാനത്തോളം വർദ്ധിച്ചതായി ലിബറൽ പാർട്ടി ചൂണ്ടിക്കാട്ടി.
ഉപയോഗിച്ച വസ്തുക്കളുടെ ക്യുബെക് സെയിൽസ് ടാക്സ് (ക്യു.എസ്.ടി) ഒഴിവാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ഓഫ് ക്യുബെക് (പി.സി.ക്യു) പ്രഖ്യാപിച്ചു. സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ഉപയോഗിച്ച വസ്തുക്കളുടെ നികുതി ഒഴിവാക്കുന്നതിലൂടെ ക്യുബെക്കിലെ സാധാരണക്കാരുടെ പോക്കറ്റിലേക്ക് ശരാശരി 867 ഡോളർ തിരികെ ലഭിക്കുമെന്ന് പാർട്ടി നേതാവ് എറിക് ദുഹൈം അവകാശപ്പെട്ടു. പൊതുസേവനങ്ങൾ വെട്ടിക്കുറയ്ക്കാതെ അഞ്ച് വർഷത്തിനുള്ളിൽ 47 ബില്യൺ ഡോളറിന്റെ സർക്കാർ ചെലവുകൾ ഒഴിവാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
കഴിഞ്ഞദിവസങ്ങളിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ വിമർശനങ്ങൾ നേരിട്ടെങ്കിലും, ഫ്രഞ്ച് ഭാഷാ ചാർട്ടറായ ബിൽ 101 കോളേജുകളിലേക്കും, ഒരു വർഷത്തിലധികം ക്യുബെക്കിൽ താൽക്കാലികമായി താമസിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികളിലേക്കും നീട്ടുമെന്ന് പാർട്ടീ ക്യൂബെക്കോ നേതാവ് പോൾ സെന്റ്-പിയർ പ്ലാമൻഡൺ ആവർത്തിച്ചു വ്യക്തമാക്കി.
കാർഷിക മേഖല ഒഴികെയുള്ള തൊഴിലുകളിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫ്രഞ്ച് ഭാഷാ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോൺട്രിയൽ, ലാവൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സാമൂഹികവൽക്കരണ ഭാഷയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പരമാധികാര അജണ്ടയുടെ ഭാഗമാണ് ഫ്രഞ്ച് ഭാഷയുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









