ദോഹ: ഹോർമുസ് കടലിടുക്കിന് പിന്നാലെ ബാബ് അൽ മൻദബ് സമുദ്രപാത കൂടി അടച്ചിടുന്നത് ലോകത്തിന് താങ്ങാനാകില്ലെന്നും, സമുദ്രപാതകൾ സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും ലോകരാജ്യങ്ങൾക്കും ഒരുപോലെ അസ്വീകാര്യമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് അടച്ചതിന്റെ കെടുതികൾ ഇതിനകം തന്നെ ലോകം അനുഭവിക്കുന്നുണ്ട്. അതിനാൽ ബാബ് അൽ മൻദബ് കൂടി അടച്ചുപൂട്ടിയാൽ ഉണ്ടാകുന്ന ആഘാതം സമാനതകളില്ലാത്ത പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇരു ജലപാതകളിലൂടെയുമുള്ള ഗതാഗതം തടസ്സപ്പെടുന്നത് ലോകമെമ്പാടും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.
അതിനിടെ, ബാബ് അൽ മൻദബിൽ ഹൂതികൾ മൈനുകൾ സ്ഥാപിക്കുന്നതായും കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി അറിയിച്ച ഖത്തർ, മേഖലയിൽ സുസ്ഥിര സമാധാനം കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








