ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ ജനസംഖ്യ വർദ്ധിക്കുമ്പോഴും പബ്ലിക് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. വിദ്യാർത്ഥികളുടെ കുറവ് മൂലം പല സ്കൂൾ ബോർഡുകളും അദ്ധ്യാപക-ഭരണവിഭാഗം തസ്തികകളും വിവിധ പ്രോഗ്രാമുകളും വെട്ടിച്ചുറയ്ക്കാൻ നിർബന്ധിതരായിട്ടുണ്ട്. 2025-ൽ ടൊറന്റോയിലെയും പരിസര പ്രദേശങ്ങളിലെയും ജനസംഖ്യ 70 ലക്ഷം കവിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂരിഭാഗം സ്കൂൾ ബോർഡുകളിലും എൻറോൾമെന്റ് നിരക്കിൽ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജനനനിരക്കിലെ കുറവ്, ഉയർന്ന ഭവനച്ചെലവ്, ജീവിതച്ചെലവ് എന്നിവ മൂലം യുവകുടുംബങ്ങൾ മറ്റ് പ്രവിശ്യകളിലേക്ക് മാറിത്താമസിക്കുന്നതാണ് പൊതുവിദ്യാലയങ്ങളിലെ ഇടിവിന് പ്രധാന കാരണമായി സ്കൂൾ ബോർഡ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിൽ (TDSB) കഴിഞ്ഞ അധ്യയന വർഷം 3,000 വിദ്യാർത്ഥികളുടെ കുറവുണ്ടായതായും അടുത്ത വർഷം 5,000 കുട്ടികളുടെ കുറവ് പ്രതീക്ഷിക്കുന്നതായും വക്താവ് അറിയിച്ചു. ഡഫറിൻ-പീൽ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, ഹാൽട്ടൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്നിവയും സമാനമായ രീതിയിൽ എൻറോൾമെന്റിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡർഹാം ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡുകളിലും ഡർഹാം കാത്തലിക് ബോർഡിലും നേരിയ വർദ്ധനവുണ്ടായതായും വ്യക്തമായിട്ടുണ്ട്.
കോവിഡ് മാഹാമാരിക്ക് ശേഷം സ്വതന്ത്ര അല്ലെങ്കിൽ ഇതര സ്കൂളുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ഹോംസ്കൂളിംഗും ഈ ഇടിവിന് കാരണമായി വിദ്യാഭ്യാസ വിദഗ്ദ്ധർ വിലയിരുത്തുന്നു. ഒന്റാറിയോയിൽ 2022 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ 322 പുതിയ സ്വതന്ത്ര സ്കൂളുകൾ ആരംഭിച്ചതായി കാർഡസിലെ പ്രോഗ്രാം ഡയറക്ടർ ജോവാന വാൻഹോഫ് വ്യക്തമാക്കി. കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾ പൊതുവിദ്യാഭ്യാസ രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ലെന്ന രക്ഷിതാക്കളുടെ ചിന്തയും ഇതിന് കാരണമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ഒന്റാറിയോയിൽ ഹോംസ്കൂളിംഗ് തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായതായി ഹോംസ്കൂൾ ലീഗൽ ഡിഫൻസ് അസോസിയേഷൻ ഓഫ് കാനഡ (HLDAC) പ്രസിഡന്റ് പീറ്റർ സ്റ്റോക്ക് അറിയിച്ചു. ഒന്റാറിയോയിൽ നിലവിൽ 90,000 മുതൽ 1,10,000 വരെ കുട്ടികൾ ഹോംസ്കൂളിംഗ് നടത്തുന്നുണ്ടെന്നാണ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് രണ്ട് വർഷം മുൻപത്തെ അപേക്ഷിച്ച് (50,000) ഏകദേശം ഇരട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സാഹചര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മത്സരത്തിനും മികച്ച ഫലങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Public school enrollment is reportedly declining despite population growth in the GTA
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





