ഓട്ടവ: കനേഡിയൻ പൗരത്വത്തിനുള്ള തെളിവ് രേഖകൾക്കായി (Proof-of-citizenship) അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഒന്റാരിയോ സുപ്പീരിയർ കോർട്ടിന്റെ ഉത്തരവിനെ തുടർന്ന് 2025 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന ‘ബിൽ സി-3’ (Bill C-3) നിയമഭേദഗതിയാണ് ഈ അടിയന്തര പ്രതിസന്ധിക്ക് പ്രധാന കാരണം. നിലവിൽ 1,36,000-ത്തിലധികം ആളുകളാണ് പൗരത്വവുമായി ബന്ധപ്പെട്ട തീരുമാനത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് ഒറ്റ മാസം കൊണ്ട് അപേക്ഷകളിൽ 14,000-ത്തിന്റെ വർദ്ധനവുണ്ടായി.ഇതോടെ അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള ശരാശരി കാത്തിരിപ്പ് സമയം ഓഗസ്റ്റിലെ 25 മാസത്തിൽ നിന്ന് ഇപ്പോൾ 33 മാസമായി, അതായത് ഏതാണ്ട് 3 വർഷത്തോളമായി ഉയർന്നു.
കാനഡയ്ക്കും അമേരിക്കയ്ക്കും പുറത്തുനിന്നുള്ള അപേക്ഷകർക്ക് ഈ നിശ്ചിത സമയത്തിനും പുറമെ 3 മുതൽ 4 മാസം വരെ അധികമായി കാത്തിരിക്കേണ്ടി വരും.പുതിയ നിയമപ്രകാരം അംഗീകരിക്കപ്പെട്ട അപേക്ഷകളിൽ 51 ശതമാനവും അമേരിക്കയിൽ ജനിച്ചവരുടേതാണ്. യു.എസിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മാധ്യമ വാർത്തകളുമാണ് അവിടെനിന്നുള്ള ആളുകളെ വ്യാപകമായി കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. അമേരിക്കയ്ക്ക് പുറമെ മെക്സിക്കോ, ബൊളീവിയ, ബ്രിട്ടൻ, ചൈന, ഇന്ത്യ, ഫ്രാൻസ്, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വലിയ തോതിൽ അപേക്ഷകൾ വരുന്നുണ്ട്.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
വിദേശത്ത് ജനിക്കുന്ന കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് പൗരത്വം നൽകുന്നതിലെ ഒന്നാം തലമുറ പരിധി (First-generation limit) റദ്ദാക്കിയതാണ് പുതിയ നിയമഭേദഗതിയുടെ സവിശേഷത. ഇതനുസരിച്ച് 2025 ഡിസംബർ 15-ന് മുൻപ് ജനിച്ചവർക്കും തങ്ങളുടെ മുൻതലമുറ കനേഡിയൻ വംശജരാണെന്ന് തെളിയിച്ചാൽ പൗരത്വത്തിന് അർഹത ലഭിക്കും.എന്നാൽ, ഈ മാറ്റത്തിന് അനുസൃതമായി ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിലോ സൗകര്യങ്ങളിലോ സമയബന്ധിതമായി വർദ്ധനവ് വരുത്താഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകർ ആരോപിക്കുന്നു. കൃത്യമായ പൗരത്വ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവർക്ക് കാനഡയിൽ ആരോഗ്യ പരിരക്ഷയോ ജോലി സാദ്ധ്യതകളോ വിദ്യാഭ്യാസ ആനുകൂല്യങ്ങളോ പ്രയോജനപ്പെടുത്താൻ കഴിയില്ലെന്നും അതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. അതേസമയം, സങ്കീർണ്ണമായ കേസുകളിൽ രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയമെടുക്കുന്നതാണ് പ്രക്രിയ വൈകാൻ കാരണമെന്നാണ് IRCC-യുടെ ഔദ്യോഗിക വിശദീകരണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









