രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾ നിറഞ്ഞ ഈ നിർണ്ണായക ഘട്ടത്തിൽ, ലോകം ആഗ്രഹിക്കുന്ന വിഭവങ്ങളും, വൈദഗ്ധ്യവും, വിവേകവും കാനഡയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിക്ക് മുന്നോടിയായി ന്യൂയോർക്കിൽ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാനഡ ഒരു വിശ്വസനീയ വ്യാപാര പങ്കാളിയാണെന്നും കാർണി വ്യക്തമാക്കി. യു.എൻ പൊതുസമ്മേളനത്തിന്റെ 80-ാം വാർഷികത്തിന് മുന്നോടിയായി, ലോകനേതാക്കൾ ന്യൂയോർക്കിൽ ഒത്തുകൂടിയ സമയത്താണ് കനേഡിയൻ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
നിലവിലെ ആഗോള സാഹചര്യത്തെ ‘പരിവർത്തനമല്ല, ഒരു തകർച്ച’ (rupture) എന്നാണ് കാർണി വിശേഷിപ്പിച്ചത്. “ഇതൊരു ചെറിയ കാലയളവിൽ വിവിധ ഘടകങ്ങളാൽ നയിക്കപ്പെടുന്ന ഒരു വലിയ മാറ്റമാണ്. ഇതിനെ നേരിടാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. ആഭ്യന്തരമായി ശക്തി വർദ്ധിപ്പിക്കുക, വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കുക, മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വ്യത്യസ്ത മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് കാനഡയുടെ തന്ത്രങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യാപാരം, ഉക്രെയ്നിനുള്ള കാനഡയുടെ പിന്തുണ, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടുള്ള സമീപകാല തീരുമാനം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ കാർണി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. കാനഡ, യു.കെ., ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഈ ആഴ്ച നടക്കുന്ന യു.എൻ. പൊതുസമ്മേളനത്തിന് മുന്നോടിയായി ഫലസ്തീൻ രാഷ്ട്രപദവി അംഗീകരിച്ചിരുന്നു. ഇത് പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം നിലനിർത്താൻ സഹായിക്കുമെന്നും, വെടിനിർത്തലിനും സമാധാന പ്രക്രിയയ്ക്കും വഴിയൊരുക്കുമെന്നും കാർണി പറഞ്ഞു.
അമേരിക്കയുടെ നയപരമായ തീരുമാനങ്ങൾ കനേഡിയൻ സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കാനഡക്കാർക്ക് സ്വന്തം കാര്യങ്ങളിൽ നിയന്ത്രണം വേണമെന്ന് കാർണി ചൂണ്ടിക്കാട്ടി. “ട്രൂത്ത് സോഷ്യലിലോ എക്സിലോ യു.എസ്. നയങ്ങളിലുണ്ടായ ഏറ്റവും പുതിയ മാറ്റം എന്താണെന്ന് ഉണർന്ന് നോക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ല. നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതാണ് ഈ സർക്കാരിന്റെ തന്ത്രത്തിന്റെ വലിയൊരു ഭാഗം,” കാർണി പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ കാനഡയിൽ ഒരു ‘ശക്തമായ സമവായം’ സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പുതിയ വ്യാപാര ക്രമീകരണങ്ങൾ വികസിപ്പിക്കാനും പ്രതിരോധ മേഖലയിലെ ചെലവുകൾ വർദ്ധിപ്പിക്കാനും സഹായിച്ചെന്നും കാർണി അഭിപ്രായപ്പെട്ടു. “നമുക്ക് ഈ തകർച്ച ആവശ്യമായിരുന്നെന്ന് തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡ, യു.എസ്, മെക്സിക്കോ എന്നീ രാജ്യങ്ങൾ വ്യാപാര ഉടമ്പടിയുടെ ആകർഷകമായ പുതിയ പതിപ്പ് വികസിപ്പിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും കാർണി സൂചിപ്പിച്ചു. പിന്നീട്, ഐക്യരാഷ്ട്രസഭയിൽ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം സമയം കണ്ടെത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82








