ക്യുബെക്: ക്യുബെക് പ്രവിശ്യാ പരീക്ഷകളുടെ ഔദ്യോഗിക ഫലം ഓൺലൈനായി ലഭ്യമാക്കേണ്ട വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് തകരാറിലായതിനെ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായി. ചൊവ്വാഴ്ച പുലർച്ചെ മുതൽ പ്രവിശ്യയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരീക്ഷാഫലം പരിശോധിക്കുന്നതിനായി പോർട്ടലിൽ ലോഗിൻ ചെയ്യാൻ സാധിച്ചില്ലെന്ന് ക്യൂബെക് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. ഗവൺമെന്റ് ഓഥന്റിക്കേഷൻ സർവീസ് (SAG) പ്ലാറ്റ്‌ഫോമിലുണ്ടായ സാങ്കേതിക തകരാർ ഹെൽപ്പ്‌ലൈൻ ഫോൺ നമ്പറുകളുടെ പ്രവർത്തനത്തെയും ബാധിച്ചു.
പോർട്ടലിലുണ്ടായ തകരാർ പരിഹരിക്കാൻ മന്ത്രാലയത്തിലെ വിദഗ്ധ സംഘം സജീവമായി രംഗത്തുണ്ടായിരുന്നതായി വിദ്യാഭ്യാസ മന്ത്രി സോണിയ ലെബെൽ ‘നൂവോ ഇൻഫോ’യ്ക്ക് നൽകിയ രേഖാമൂലമുള്ള പ്രസ്താവനയിൽ അറിയിച്ചു. തടസ്സം നേരിട്ടതിൽ ഖേദിക്കുന്നതായും ചൊവ്വാഴ്ച ഉച്ചയോടെ പോർട്ടൽ പുനഃസ്ഥാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
പരീക്ഷയിൽ പരാജയപ്പെടാൻ സാധ്യതയുള്ള വിദ്യാർത്ഥികളെ സ്കൂൾ സർവീസ് സെന്ററുകൾ, സ്കൂൾ ബോർഡുകൾ, പ്രൈവറ്റ് സ്കൂളുകൾ എന്നിവർ നേരിട്ട് ബന്ധപ്പെടണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർനടപടികൾ വേഗത്തിലാക്കാനും പരാജയ സാധ്യതയുള്ള വിദ്യാർത്ഥികൾക്ക് അടുത്ത ഘട്ടങ്ങളെക്കുറിച്ച് കൃത്യമായ വിവരം നൽകാനുമാണ് ഈ നിർദ്ദേശം.
Portal crashes; Quebec students and parents unable to view exam results
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





