ഒട്ടാവ: കോഴ്‌സ് പൂർത്തിയാക്കിയിട്ടും പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് (PGWP) നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കാൽഗറിയിൽ ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്. 2024-ൽ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് (IRCC) വർക്ക് പെർമിറ്റിന് അർഹതയുള്ള കോളേജുകളുടെയും കോഴ്‌സുകളുടെയും പട്ടികയിൽ വരുത്തിയ മാറ്റങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ നിയമമാറ്റത്തിന് മുൻപ് പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഇത് ബാധിക്കില്ലെന്ന് കരുതിയെങ്കിലും, ജൂലൈ മുതൽ തങ്ങളുടെ അപേക്ഷകൾ വൻതോതിൽ നിരസിക്കപ്പെടുകയാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.
എന്നാൽ ഇമിഗ്രേഷൻ തീരുമാനങ്ങൾ പൂർണ്ണമായും ഫെഡറൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണെന്നും ഇതിൽ കോളേജിന് ഇടപെടാൻ കഴിയില്ലെന്നും ആൽബർട്ടയിലെ പോർട്ടേജ് കോളേജ് അധികൃതർ അറിയിച്ചു. വിഷയം പരിഹരിക്കുന്നതിനായി ഹൗസ് ഓഫ് കോമൺസ് വെബ്‌സൈറ്റ് വഴി അതത് പ്രദേശത്തെ ഫെഡറൽ പാർലമെന്റ് അംഗങ്ങളെ (MP) കണ്ടെത്തി പരാതി നൽകാനാണ് കോളേജ് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഒപ്പം ഇമിഗ്രേഷൻ അഭിഭാഷകരുടെയോ അംഗീകൃത കൺസൾട്ടന്റുമാരുടെയോ സഹായം തേടാനും കോളേജ് ഉപദേശിക്കുന്നു.
READ MORE: താൽക്കാലിക വിസ പ്രോസസിങ് സമയപരിധി പുതുക്കി IRCC: അപേക്ഷകർ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ ഇതാ
അതേസമയം, വിഷയം കൂടുതൽ സങ്കീർണ്ണമാക്കി ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് പ്രസ്താവനയുമായി രംഗത്തെത്തി. സ്റ്റുഡന്റ് വിസ എന്നത് പഠനത്തിനുള്ള താൽക്കാലിക രേഖ മാത്രമാണെന്നും അതിൽ വർക്ക് പെർമിറ്റിന്റെ ഉറപ്പില്ലെന്നും അവർ വ്യക്തമാക്കി. കാനഡയിലെ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത് അവിടുത്തെ നികുതിദായകരുടെ പണം കൊണ്ടാണെന്നും, അതുകൊണ്ട് അന്താരാഷ്ട്ര വിദ്യാർത്ഥികൾ കോഴ്‌സ് പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി ജീവിതം കെട്ടിപ്പടുക്കണമെന്നുമാണ് ഡാനിയൽ സ്മിത്തിന്റെ നിലപാട്. ഇതോടെ കാനഡയിൽ തൊഴിൽ പരിചയം ലക്ഷ്യമിട്ടെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി വലിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





