ഒട്ടാവ; ഒട്ടാവോ ഡൗൺടൗണിൽ വ്യാജമായി പാർക്കിങ് സ്ഥലങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് ലഭിച്ച 20ലേറെ പരാതികളിൽ പൊലീസ് അന്വേഷണം തുടങ്ങി. പരാതികളിൽ ഒരേ വ്യക്തിയുടെ പേര് ആവർത്തിച്ച് വരുന്നതായി ഫിനാൻഷ്യൽ ക്രൈംസ് യൂണിറ്റിലെ ഡിറ്റക്ടീവ് ഷോൺ വഹ്ബെ പറഞ്ഞു. നോഹ ബാങ്ക്സ്, കാതറിൻ മാൻലി എന്നിവർ തങ്ങളുമായി നേരിട്ട് ഇടപെട്ട വ്യക്തിയെ സാമിൻ യാസർ എന്ന് തിരിച്ചറിഞ്ഞതായി CTV News-നോട് പറഞ്ഞു. ബാങ്ക്സ് 400 ആൽബർട്ട് സ്ട്രീറ്റിലെ പാർക്കിങ്ങിനായി ഒരു വർഷത്തേക്ക് 3,900 ഡോളർ നൽകിയെങ്കിലും സ്ഥലം ലഭിച്ചില്ല. മാൻലി 3,850 ഡോളർ നൽകിയ ശേഷം ഏകദേശം ഒരു മാസം പാർക്കിങ് ഉപയോഗിച്ചെങ്കിലും പിന്നീട് പ്രവേശനം നഷ്ടപ്പെട്ടു.
ബാങ്ക്സ് തന്റെ അനുഭവം റെഡിറ്റിലും ഫേസ്ബുക്കിലും പങ്കുവെച്ചതോടെയാണ് സമാന പരാതികളുമായി കൂടുതൽ പേർ രംഗത്തെത്തിയത്. റിച്ച്മണ്ടിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരി ദീപാ റാവോ, സെയാദ് എന്ന പേരിലാണ് താൻ വ്യക്തിയെ പരിചയപ്പെട്ടതെന്നും Bytown and Co. എന്ന പേരിലുള്ള കരാറാണ് ലഭിച്ചതെന്നും പറഞ്ഞു. കൂപ്പർ സ്ട്രീറ്റിലെ പാർക്കിങ്ങിനായി 800 ഡോളറിലേറെ നൽകാനിരിക്കെ ബാങ്ക് ഇ-ട്രാൻസ്ഫർ തടഞ്ഞതിനെ തുടർന്ന് നടത്തിയ ഓൺലൈൻ തിരച്ചിലിലാണ് തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. സ്ലേറ്റർ സ്ട്രീറ്റിലെ പാർക്കിങ്ങിനായി മറ്റൊരു യുവതി 1,800 ഡോളർ നൽകിയെങ്കിലും പിന്നീട് സ്ഥലത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.
ALSO READ ; Canada PR 2026; കാനഡയുടെ പി.ആർ പ്രവേശനം മന്ദഗതിയിൽ; ആറുമാസത്തിൽ 1.82 ലക്ഷം പേർ
പാർക്കിങ് സ്ഥലങ്ങൾക്ക് വലിയ ആവശ്യകതയുള്ളതിനാൽ ഇത്തരം തട്ടിപ്പുകൾക്ക് ആളുകൾ ഇരയാകാൻ സാധ്യതയുണ്ടെന്നും പണം നൽകുന്നതിന് മുമ്പ് ഇടപാട് വിശദമായി പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ആരോപണങ്ങൾ സാമിൻ യാസർ നിഷേധിച്ചു. ഇത് തട്ടിപ്പല്ലെന്നും ബിസിനസ് തർക്കമാണെന്നും ചിലർക്ക് പണം തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 400 ആൽബർട്ട് സ്ട്രീറ്റിലെ ചില വാടകക്കാർ തനിക്ക് പാർക്കിങ് സ്ഥലങ്ങൾ വാടകയ്ക്ക് നൽകിയെങ്കിലും ആവശ്യമായ ആക്സസ് ഫോബ് നൽകാത്തതാണ് പ്രശ്നമെന്നും യാസർ വ്യക്തമാക്കി.
പൊലീസ് മുന്നറിയിപ്പ്
എന്നാൽ കെട്ടിടം നിയന്ത്രിക്കുന്ന Centurion Property Associates, യാസറിന് കെട്ടിടവുമായി യാതൊരു ബന്ധവുമില്ലെന്നും അവിടത്തെ പാർക്കിങ് സ്ഥലങ്ങൾ വാടകയ്ക്ക് നൽകാനോ സബ്‌ലീസ് ചെയ്യാനോ അദ്ദേഹത്തിന് അധികാരമില്ലെന്നും അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









